ഡല്‍ഹി: പശ്ചിമ ബംഗാളിലെ കല്‍ക്കരി മോഷണക്കേസില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതിയുടെ അനുമതി. അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കണമെന്നും സുപ്രീം കോടതി ബംഗാള്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചു. കൊല്‍ക്കത്തയില്‍ വെച്ച് ചോദ്യം ചെയ്യുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും അന്വേഷണ ഏജന്‍സി അഭിഷേകിനെ വിവരം അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസം അനുഭവപ്പെട്ടാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതിയില്‍ വരാന്‍ അനുമതിയുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഏതെങ്കിലും തരത്തിലുള്ള തടസങ്ങളും ഇടപെടലുകളും വെച്ചുപൊറുപ്പിക്കില്ലെന്ന് ജസ്റ്റിസ് യു.യു ലളിതിന്റെ ബെഞ്ച് വ്യക്തമാക്കി.
സമന്‍സുകള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഏജന്‍സി നല്കിയ പരാതിയില്‍ അഭിഷേകിന്റെ ഭാര്യ റുജിറ ബാനര്‍ജിക്കെതിരെ ഡല്‍ഹി കോടതി പുറപ്പെടുവിച്ച വാറന്റ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ബംഗാള്‍ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതികളിലൊരാളാണ് റുജിറ ബാനര്‍ജി.
Discussion about this post