ഡല്‍ഹി: രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുയര്‍ത്തി യുവനേതാവ് ഹാര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ഹാര്‍ദിക് രാഹുലിനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും രംഗത്തെത്തിയത്.
മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്പര്യം, ഗുജറാത്തിലെത്തുന്ന നേതാക്കള്‍ക്ക് ചിക്കന്‍ സാന്‍വിച്ച് ഉറപ്പാക്കുന്നതിലാണെന്നും ഹാര്‍ദിക് പറഞ്ഞു.
‘ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കേള്‍ക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ താല്പര്യം കാണിച്ചില്ല. ഞാന്‍ അവരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, അവരുടെ ശ്രദ്ധ ഫോണിലായിരുന്നു. സംസ്ഥാനത്തെത്തുന്ന നേതാക്കളെ സന്ദര്‍ശിച്ച്, അവര്‍ക്ക് ചിക്കന്‍ സാന്‍വിച്ച് ഉറപ്പുവരുത്തുന്നതിലാണ് ഗുജറാത്തിലെ മുതിര്‍ന്ന നേതാക്കന്മാര്ക്ക് കൂടുതല്‍ താല്പര്യം. നമ്മുടെ നേതാവിനെ രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നു. ഗുജറാത്തിനെ ഇഷ്ടമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് നേതൃത്വവും യാതൊരു താല്പര്യവും കാണിക്കുന്നില്ല’, ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു
സംസ്ഥാനത്തെ ജനങ്ങളുടെ മുന്പില് അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് ഒരു മാര്‍ഗരേഖ പോലുമില്ലെന്നും സര്‍ക്കാരിന്റെ എല്ലാ പദ്ധതികളേയും വെറുതെ എതിര്‍ക്കുന്നത് മാത്രമായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്നും ഹാര്‍ദിക് ചൂണ്ടിക്കാട്ടി. തന്നെ സഹായിക്കാന്‍ ഡല്‍ഹിയില്‍ ഗോഡ്ഫാദര്‍മാരില്ലെന്നും തനിക്ക് സ്വന്തം യോഗ്യതകള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കേണ്ടതായുണ്ടെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
Discussion about this post