ഡല്‍ഹി: സ്ത്രീകള്‍ക്കെതിരെ അക്രമത്തിന് പ്രേരണ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി പെര്‍ഫ്യൂം പരസ്യം പിന്‍വലിക്കാന്‍ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം. റേപ്പ് സംസ്കാരം പോത്സാഹിപ്പിക്കുന്ന പരസ്യം ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് ലംഘിക്കുന്നതാണെന്ന് മന്ത്രാലയം വിലയിരുത്തി. പൊതുതാല്പര്യങ്ങള്ക്ക് വിരുദ്ധമായ പരസ്യത്തിന് പ്രശ്നങ്ങളുണ്ടെന്ന് അഡ്വര്‍ടൈസ്മെന്റ് സ്റ്റാന്റേഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് പ്രേരിപ്പിക്കുന്ന പരസ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര് രംഗത്തെത്തിയിരുന്നു. ഡിയോഡ്രന്റ് വിഭാഗത്തില്‍പെടുന്ന ഉല്പന്നത്തിന്റെ പരസ്യം സ്ത്രീകളെ മാന്യതയോടെ അവതരിപ്പിക്കുന്നതിന് എതിരാണെന്നും ഇത് നിയമ വിരുദ്ധമാണെന്നും ഉടനെ യൂട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും പിന്‍വലിക്കണമെന്നും മന്ത്രാലയം അവശ്യപ്പെട്ടിട്ടുണ്ട്.
“ടോക്സിക് ആണത്വത്തിന്റെ ഏറ്റവും മോശമായ പ്രകടനമാണ് ഈ പരസ്യമെന്ന്” ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഡല്‍ഹി പോലീസിനോടും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോടും പരസ്യത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായും അവര്‍ അറിയിച്ചിരുന്നു.
Discussion about this post