ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ചുരുട്ടികെട്ടി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങി ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകരെ 16.5 ഓവറില്‍ 87 റണ്‍സിലൊതുക്കിയാണ് ഇന്ത്യ പരമ്പരയില്‍ ഒപ്പം പിടിച്ചത് (2-2).
ഇതോടെ ഞായറാഴ്ച്ച നടക്കുന്ന അവസാന മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. 170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചതെങ്കിലും മധ്യനിര പൂര്‍ണ പരജായമായതോടെയാണ് മത്സരം അടിയറവു പറയേണ്ടി വന്നത്. കളിക്കിടെ രണ്ടു തവണ പന്ത് ദേഹത്ത് തട്ടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ നാലാം ഓവറില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയതും ഇന്ത്യക്ക് തുണയായി.
തുടര്‍ന്ന് ക്രീസിലെത്തിയ ഡ്വെയ്ന്‍ പ്രെറ്റോറിയസിനും ഒന്നും ചെയ്യാനായില്ല. ക്വിന്റണ്‍ ഡിക്കോക്ക് (14) റണ്‍ഔട്ടായതോടെ പിന്നാലെ പ്രെറ്റോറിയസും റണ്ണൊന്നുമെടുക്കാതെ കൂടാരം കയറി. ഇതോടെയാണ് പ്രോട്ടീസിന്റെ തകര്‍ച്ച ആരംഭിച്ചത്. ഹെന്റിച്ച് ക്ലാസനെയും (8) വേഗം മടക്കിയതോടെ ഇന്ത്യ മത്സരം വിരിഞ്ഞുമുറുക്കി. 9 റണ്‍സെടുത്ത് അപകടകാരിയായ ഡേവിഡ് മില്ലറും പുറത്തായതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.
ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയായിരുന്ന റാസി വാന്‍ഡെര്‍ ദസനെ (20) പുറത്താക്കി ആവേശ് ഖാന് മത്സരം വരുതിയിലാക്കി. പിന്നാലെയെത്തിയ മാര്‍ക്കോ യാന്സന് (12), കേശവ് മഹാരാജ് (0), ആന്റിച്ച് നോര്‍ക്യ (1), ലുങ്കി എന്‍ഗിഡി (4) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് ഇന്ത്യയ്ക്കായി ബളിങ്ങില് തിളങ്ങിയത്.
Discussion about this post