കുളു: ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ മേഘവിസ്ഫോടനത്തിൽ ആറു പേരെ കാണാതായി. മഴയും മിന്നൽ പ്രളയവും കനത്ത നാശം വിതച്ചു. മേഖലയിൽ തുടരുന്ന കനത്ത മഴയ്ക്കിടെ മേഘവിസ്ഫോടനം കൂടി സംഭവിച്ചതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. മണികരൻ വാലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിലാണ് 6 പേരെ കാണാതായതെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
കോജ്വാലിയിൽ നിരവധി വീടുകൾ ഒലിച്ചുപോയി. മലാന ഗ്രാമവും മണികരൻ വാലിയും മറ്റ് പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിട്ടുണ്ട്. പലയിടത്തും വാർത്താവിനിമയ ബന്ധം താറുമാറിലായി. മലാനയിൽ നിർമാണം നടക്കുന്ന പവർ സ്റ്റേഷനിൽ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തി. ചിലയിടങ്ങളിൽ ടൂറിസ്റ്റ് ക്യാമ്പുകൾ ഒലിച്ച് പോയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സംസ്ഥാനത്ത് പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. ഷിംലയിൽ മണ്ണിടിച്ചിലിൽ ഒരു പെൺകുട്ടി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Discussion about this post