ഭരണഘടനയെ അപമാനിച്ച സജി ചെറിയാന്റെ അതേ മനോനിലയാണ് സര്‍ക്കാരിനുമുള്ളതെന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ. സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചത് ഈ സര്‍ക്കാരിന്റെ ചിന്താഗതിയുടെ ഭാഗമാണ്. ജനാധിപത്യത്തില്‍ ആരെയും വിമര്‍ശിക്കാം. പക്ഷേ പി ടി ഉഷയെ ഒക്കെ വിമര്‍ശിക്കുന്നത് അവരുടെ അറിവില്ലായ്മ കൊണ്ടെന്നേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുന്നത് ഇടത് സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷമാണ് പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയേയും വളര്‍ത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരതക്കെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. എസ്ഡിപിഐയുടെ ഉള്‍പ്പെടെ കൊലക്കത്തിക്ക് സാധാരണക്കാര്‍ ഇരയാകുമ്പോള്‍ അവര്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാറിന് മൗനമാണെന്നും ഇത് നല്ല ഗവണ്മെന്റിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം കേന്ദ്രത്തിന്റെ പല പദ്ധതികളും താഴേക്കിടയിലേക്ക് എത്തുന്നില്ല. അര്‍ഹരായ ആളുകളിലേക്ക് പദ്ധതികള്‍ എത്താതെ പോവുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും കൂടിയാലോചിച്ചാണ് എകെജി സെന്റര്‍ ആക്രമണം നടത്തിയതെന്നും ഭഗവന്ത് കുബ്ബ കുറ്റപ്പെടുത്തി. അതിനാലാണ് എംപി ഓഫീസ് ആക്രമണത്തില്‍ രാഹുല്‍ഗാന്ധി ആക്രമണം നടത്തിയവര്‍ക്കെതിരെ ഒന്നും പറയാതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post