പട്ന: ബോംബു ഭീഷണിയെ തുടർന്ന് പാട്ന വിമാനത്താവളത്തിൽ പരിഭ്രാന്തി പടർന്നു. ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ് യാത്രക്കാരൻ വിമാനത്തിനുള്ളിൽ ബഹളം ഉണ്ടാക്കിയതോടെയാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. പാട്നയിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനം പറന്നുയരാൻ തുടങ്ങിയതോടെയാണ് യാത്രക്കാരൻ ബഹളം ഉണ്ടാക്കിയത്. 134 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇൻഡിഗോയുടെ 6e 2126 നമ്പർ വിമാനത്തിൽ രാത്രി 8.20 ഓടെയാണ് സംഭവം . അതിന് തൊട്ടുമുമ്പ് വിമാനത്തിൽ കയറിയ യുവാവ് തന്റെ ബാഗിൽ ബോംബുണ്ടെന്ന് ബഹളം വെയ്ക്കുകയായിരുന്നു. ഇതോടെ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരന്നു. ഉടൻ തന്നെ അധികൃതർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല
വിവരം ലഭിച്ചയുടൻ സുരക്ഷാ സംഘത്തെ വിമാനത്താവളത്തിൽ വിന്യസിച്ചു. സിഐഎസ്എഫ് സംഘം വിമാനത്തിൽ നിന്ന് എല്ലാ യാത്രക്കാരെയും ഉടൻ ഇറക്കി പരിശോധനാ നടപടികൾ ആരംഭിച്ചു. ബോംബ് നിർവീര്യമാക്കാനായുള്ള സംഘത്തെയും ഉടനെ തന്നെ പാട്ന വിമാനത്താവളത്തിലേക്ക് വിളിപ്പിച്ചു. പരിശോധനയിൽ ബോംബോ മറ്റ് സ്ഫോടക വസ്തുക്കളോ കണ്ടെത്താനായിസ്സ. എങ്കിലും വിമാനത്താവളത്തിൽ ഇന്നലെ വ്യാപക പരിശോധന നടന്നു. സംശയം തോന്നിയ എല്ലാ ബാഗുകളും പരിശോധിച്ചു.
അഭ്യൂഹം പ്രചരിപ്പിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിന് ശേഷമാണ് പരിശോധനകൾ പുരോഗമിച്ചത്. പട്‌ന പോലീസിന്റെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവും പട്‌ന വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിന്റെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
Discussion about this post