ഗ്വാളിയര്‍: ഉപഭോക്താവിന് ലഭിച്ച വൈദ്യുത ബില്ലില്‍ അടങ്കല്‍ തുകയായി വന്നത് 3,419 കോടി രൂപ. മധ്യപ്രദേശിലെ ഗ്വാളിയര്‍ ശിവ വിഹാര്‍ കോളനിയിലെ പ്രിയങ്ക ഗുപ്തയ്ക്കാണ് ഇങ്ങനെയൊരു ബില്ല് ലഭിച്ചത്. കോടിക്കണക്കിന് രൂപ വൈദ്യുത ബില്ലില്‍ കണ്ട് പ്രിയങ്കയും കുടുംബവും ഞെട്ടി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം നേരിട്ട ഭര്‍തൃ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂലൈ 20ന് കൈമാറിയ ബില്ലിലാണ് അബദ്ധം സംഭവിച്ചത്. 1,300 രൂപ എന്നതിന് പകരമാണ് 3,419 കോടി എന്ന് തെറ്റായി കൊടുത്തത്. എന്നാല്‍ ബില്ലിങ്ങില്‍ കൈപ്പിഴ പറ്റിയതാണെന്ന് വൈദ്യുത കമ്പനി പ്രതികരിച്ചു. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത കമ്പനിയുടെ പോര്‍ട്ടലിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ബില്ല് ഉപയോക്താവിന് നല്‍കുന്നത്. ബില്ലിലെ പിഴവ് മനസ്സിലാക്കിയ കമ്പനി യഥാര്‍ത്ഥ തുക രേഖപ്പെടുത്തി ബില്ല് തിരുത്തി നല്കി.
‘വൈദ്യുത ബില്ലില്‍ ഉപയോഗിച്ച യൂണിറ്റ് വൈദ്യുതി രേഖപ്പെടുത്തേണ്ടയിടത്ത് ഒരു തൊഴിലാളി ഉപഭോതൃ നമ്പര്‍ നല്‍കിയതാണ് ഭീമമായ തുക ബില്ലില്‍ വരാന്‍ കാരണം. ബില്ല് തിരുത്തി നല്‍കിയിട്ടുണ്ട്’ കമ്പനി വിശദീകരിച്ചു.
അതേസമയം സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് വൈദ്യുത മന്ത്രി പ്രദ്യുമന് സിങ് തോമര്‍ അറിയിച്ചു.
Discussion about this post