യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരു (32) ആണ് വെട്ടേറ്റു മരിച്ചത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്.
ചൊവ്വാഴ്ച രാത്രി സുള്ള്യ താലൂക്കിലെ ബെല്ലാരെയില്‍ പ്രവീണിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കട അടച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം.
അക്രമിസംഘത്തെ കണ്ട പ്രവീണ്‍ തൊട്ടടുത്ത കടയിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബൈക്കിലിരുന്ന അക്രമികള്‍ വടിവാള്‍കൊണ്ട് തലയ്ക്ക് വെട്ടിവീഴ്ത്തുകയായിരുന്നു. ബൈക്ക് നിര്‍ത്താതെ തന്നെ അക്രമിസംഘം രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം, സ്ഥലത്ത് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സ്വദേശിയായ യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പ്രവീണിന്റെ കൊലപാതകത്തെ തുടര്‍ന്ന് സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
Discussion about this post