പത്തനംതിട്ട: രാജ്യ വിരുദ്ധ പരാമർശം നടത്തിയ കെ.ടി ജലീലിനെതിരെ കേസ്സെടുക്കാൻ കോടതി നിർദ്ദേശം. ആസാദ് കശ്മീർ എന്നും ഇന്ത്യൻ അധീന കശ്മീരെന്നുമുള്ള ജലീലിൻറെ പ്രസ്താവനയിലാണ് കോടതി നടപടി. ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ നൽകിയ ഹർജിയിലാണ് കോടതി കേസ്സെടുക്കാൻ ഉത്തരവിട്ടത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്.
കശ്മീർ സന്ദർശനത്തിന് പിന്നാലെ കെ.ടി ജലീൽ ഫേസ്ബുക്കിൽ പങ്കിട്ട അനുഭവകുറിപ്പാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. രാജ്യത്തിനെതിരെയും , രാജ്യം കാക്കുന്ന സൈനികർക്കെതിരെയും മോശമായ പരാമർശമാണ് പോസ്റ്റിലുണ്ടായിരുന്നത്. കശ്മീരിൽ സൈനികരുള്ളതിനാൽ അവിടുത്തെ ജനത ചിരിക്കാൻ മറന്നുപോയിരിക്കുന്നു എന്നായിരുന്നു ജലീലിൻറെ പരാമർശം. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച ജലീൽ, ജമ്മു കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും പരാമർശിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് അരുൺ മോഹൻ പോലീസിൽ പരാതി നൽകിയെങ്കിലും കേസ്സെടുക്കാൻ പോലീസ് തയ്യാറായില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. സെഷൻസ് കോടതി ജഡ്ജി രേഷ്മ ശശിധരനാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്.










