ന്യൂ ഡെൽഹി: ആഗോള നേതാക്കളുടെ സർവേയിൽ ജനപ്രീതിയുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി. മോണിംഗ് കൺസൾട്ട് സർവേ പ്രകാരം പ്രധാനമന്ത്രി മോദിക്ക് 75 ശതമാനം റേറ്റിംഗ് ലഭിച്ചു. യഥാക്രമം 63, 54 ശതമാനം റേറ്റിംഗുമായി മെക്സിക്കോയുടെ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറും ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയും രണ്ടും മൂന്നും സ്ഥാനത്താണ്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 22 ആഗോള നേതാക്കൾ ജനപ്രിയ നേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത് .41 ശതമാനം റേറ്റിംഗുമായി അഞ്ചാം സ്ഥാനത്താണ് ജോ ബൈഡൻ. കഴിഞ്ഞ തവണത്തേക്കാളും ബൈഡന്റെ ജനപ്രീതിയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 39 ശതമാനം റേറ്റിംഗുമായി കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയും 38 ശതമാനം റേറ്റിംഗുമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമാണ് ബൈഡന് തൊട്ടുപിന്നിൽ. കഴിഞ്ഞ രണ്ട് സർവേകളിലും പ്രധാനമന്ത്രി മോദിയായിരുന്നു മുന്നിൽ.
ആഗോള നേതാക്കളുടെയും രാജ്യങ്ങളുടെയും അംഗീകാര റേറ്റിംഗുകൾ വിലയിരുത്തുന്ന ഏജൻസിയാണ്
മോർണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ് . നിലവിൽ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബ്രസീൽ, ജർമ്മനി, ഇന്ത്യ, മെക്‌സിക്കോ, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, സ്‌പെയിൻ, സ്വീഡൻ, യുഎസ് എന്നിവിടങ്ങളിലും ഇത് പ്രവർത്തിക്കുന്നു. ഇതിന് മുമ്പ്, 2022 ജനുവരിയിലും 2021 നവംബറിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള നേതാക്കളുടെ അംഗീകാര റേറ്റിംഗിൽ ഒന്നാമതെത്തിയിരുന്നു. സർവേയുടെ തത്സമയ വിവരങ്ങൾ മോണിംഗ് കൺസൾട്ടിലൂടെ അറിയാൻ കഴിയും. രാഷ്‌ട്രീയ തിരഞ്ഞെടുപ്പുകൾ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, വോട്ടിംഗ് പ്രശ്‌നങ്ങൾ എന്നിവയിൽ സർവേകൾ നടത്തുന്നതിൽ മോണിംഗ് കൺസൾട്ടിന് പരിചയം ഏറെയാണ്.
മോണിംഗ് കൺസൾട്ട് പ്രതിദിനം ഇരുപതിനായിരം അഭിമുഖങ്ങളാണ് ലോകമെമ്പാടുമായി നടത്തിയിരിക്കുന്നത്. ആഗോള തലവന്മാർക്കും രാജ്യങ്ങൾക്കുമായി അതാത് രാജ്യത്തെ മുതിർന്നവർക്കിടയിലാണ് സർവേ നടത്തുന്നത്. സർവേ റേറ്റിംഗിൽ പ്രതിവർഷം 1 മുതൽ 4 ശതമാനം വരെ വ്യത്യാസമേ ഉണ്ടാകൂ.
Discussion about this post