അസം: ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മദ്രസകൾ മറയാക്കിയാൽ അത്തരം സ്ഥാപനങ്ങൾ ഉറപ്പായും തകർക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കഴിഞ്ഞ ദിവസം അൽ ഖ്വായ്ദ ബന്ധം കണ്ടെത്തിയതിനെ തുർന്ന് ബോംഗായ്ഗാവിലെ മർക്കസുൾ മ ആരിഫ് ഖുറിയാന മദ്രസ അസം സർക്കാർ പൊളിച്ചു മാറ്റിയിരുന്നു. പിന്നാലെയാണ് അത്തരം പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
മദ്രസകൾ തകർക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല. എന്നാൽ മദ്രസകളെ ഉപയോഗിച്ച് ജിഹാദി പ്രവർത്തനങ്ങൾ രാജ്യത്ത് നടപ്പാക്കാൻ ശ്രമിച്ചാൽ അത് വെച്ചു പൊറുപ്പിക്കില്ല. മദ്രസയുടെ മറവിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചാൽ അത്തരം കെട്ടിടങ്ങൾ തകർക്കുക തന്നെ ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശർമ്മ താക്കീത് നൽകി.
കഴിഞ്ഞ ദിവസം അൽ ഖ്വായദയുമായി ബന്ധമുള്ള അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മർക്കസുൾ മ ആരിഫ് ഖുറിയാന മദ്രസയിലെ ഇമാമടക്കമുള്ള ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്രസ പൊളിച്ചു നീക്കാൻ സർക്കാർ തീരുമാനിച്ചത്. മാത്രമല്ല, യാതൊരു വിധ ചട്ടങ്ങളും പാലിക്കാതെയാണ് മദ്രസ കെട്ടിടം നിർമ്മിച്ചിരുന്നത്. ഓഗസ്റ്റ് നാലിന് മറ്റൊരു മദ്രസയും സർക്കാർ പൊളിച്ചു നീക്കിയിരുന്നു.
Discussion about this post