ചെന്നൈ: തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗ രാജന് ശക്തമായ മറുപടി നൽകി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. താൻ യേശു ക്രിസ്തു അല്ലെന്നും അടിച്ചാൽ തിരിച്ചടിക്കും എന്നുമാണ് അണ്ണാമലൈ പറഞ്ഞത്. ട്വിറ്ററിലൂടെ ബിജെപി അദ്ധ്യക്ഷനെതിരെ പളനിവേൽ ത്യാഗ രാജൻ മോശം പരാമർശം നടത്തിയിരുന്നു. ത്രിവർണ പതാകയുള്ള കാറിന് നേരെ ചെരിപ്പെറിഞ്ഞ അണ്ണാമലൈ തമിഴ് സമൂഹത്തിന് ശാപമാണെന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത്. എന്നാൽ പൂർവ്വികരുടെ പേര് മാത്രം ഉപയോഗിച്ച് ജീവിക്കുന്ന നിങ്ങൾക്കും നിങ്ങളുടെ കൂട്ടത്തിനും ഒരു കർഷകന്റെ മകനെ അംഗീകരിക്കാൻ സാധിക്കില്ല എന്നായിരുന്നു അണ്ണാമലൈ നൽകിയ മറുപടി.
പളനിവേൽ ത്യാഗ രാജന് തന്റെ ചെരുപ്പിന്റെ വില പോലും നൽകില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കി. എന്നാൽ, ട്വിറ്ററിലൂടെയുള്ള വിമർശനത്തെ ചോദ്യം ചെയ്ത മാദ്ധ്യമ പ്രവർത്തകരോട് താനല്ല അത്തരം പരാമർശങ്ങൾ ആദ്യം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആരോപണം ഉന്നയിച്ചാൽ അതിന് മറുപടി നൽകിയിരിക്കും. അടിച്ചാൽ കവിളിന്റെ മറുവശം കാണിച്ചു കൊടുക്കാൻ താൻ യേശു ക്രിസ്തു അല്ല. അടിച്ചാൽ തിരിച്ചടിക്കുക തന്നെ ചെയ്യും. തന്റെ കുടുംബം ഫാമിൽ ജോലി ചെയ്യുകയും ആടുകളെ വളർത്തുകയും ചെയ്യുന്നവരാണ്.
ഞങ്ങൾ ഗ്രാമീണരായതിനാലാണ് സർക്കാരും ഡിഎംകെയും ഭീഷണി മുഴുക്കുന്നതെന്നും അണ്ണാമലൈ ചൂണ്ടിക്കാണിച്ചു. അധിക്ഷേപകരമായ ഭാഷയാണ് ഡിഎംകെയുടെ ഐടി വിഭാഗം ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഭീഷണിപ്പെടുത്തി രാഷ്‌ട്രീയം കൈയാളുന്ന പഴയ രീതി ഡി.എം.കെ ഉപേക്ഷിക്കണം. നിങ്ങൾ ആക്രമണകാരികളാണെങ്കിൽ, ഞാൻ ഇരട്ടി ആക്രമണകാരിയാകും. തനിക്ക് നേരെ വന്നാൽ തിരിച്ചടിക്കുക തന്നെ ചെയ്യും. മാന്യമായ രാഷ്‌ട്രീയത്തിലാണ് ഡിഎംകെ എങ്കിൽ തങ്ങൾ ഇരട്ടി ബഹുമാനം നൽകുമെന്നും അണ്ണാമലൈ വ്യക്തമാക്കി.
Discussion about this post