ന്യൂഡൽഹി: വസ്ത്രധാരണത്തിനുള്ള അവകാശത്തിൽ വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശവും ഉൾപ്പെടുമോ എന്ന് സുപ്രിംകോടതി.ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കർണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് സുപ്രിംകോടതിയുടെ വിമർശനം.
ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ആണ് ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന അഭിഭാഷകരോട് ഹൈക്കോടതി നിർണ്ണായകമായ ചോദ്യം ചോദിച്ചത്. വസ്ത്രധാരണത്തിനുള്ള അവകാശത്തിൽ വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശവും ഉൾപ്പെടുമോ?”,എന്നായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ ചോദ്യം. എന്നാൽ സ്കൂൾ ആയതുകൊണ്ട് ആരും വസ്ത്രം ധരിക്കാതെ എത്തില്ല എന്ന് അഭിഭാഷകൻ ദേവ് ദത്ത് കാമത്ത് മറുപടി നൽകി. ദീർഘ നേരമാണ് അഭിഭാഷകരും കോടതിയും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടത്.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. “നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ആചരിക്കാൻ നിങ്ങൾക്ക് മതപരമായ അവകാശം ഉണ്ടായിരിക്കാം. എന്നാൽ നിങ്ങൾക്ക് ആ അവകാശവുമായി ഒരു സ്കൂളിലേക്ക് പോകാമോ? മതപരമായി നിങ്ങൾ ധരിക്കേണ്ട വസ്ത്രത്തിന്റെ ഭാഗമായുള്ള യൂണിഫോം ഏതാണ്, എന്ന പ്രസക്തമായ ചോദ്യവും കോടതി ഉന്നയിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമാണെന്ന് നിങ്ങൾക്ക് വാദിക്കാം. അത് ചിലർക്ക് അത്യാവശ്യമായിരിക്കാം,ചിലർക്ക് അത്യാവശ്യമായിരിക്കില്ല.” എങ്കിലും ഒരു സർക്കാർ സ്ഥാപനത്തിൽ ഇത്തരത്തിലുള്ള മതപരമായ ആചാരങ്ങൾ കൊണ്ടുവരുന്നത് ശരിയാണോ? നമ്മുടേത് ഒരു മതേതര രാജ്യമാണെന്ന് ഭരണഘടനയുടെ ആമുഖം തന്നെ പറയുന്നു,” കോടതി വ്യക്തമാക്കി.
ഉഡുപ്പിയിലെ ഗവൺമെന്റ് പിയു കോളേജിൽ ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് കാണിച്ച് ഒരു കൂട്ടം വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു. ഈ പ്രതിഷേധം സംസ്ഥാന വ്യാപകമായി ആളിക്കത്തി. ഇതിന് മറുപടിയായി കാവി ധരിച്ച് മറ്റൊരു കൂട്ടം വിദ്യാർത്ഥികളും സ്കൂളിലെത്തി. ഈ പ്രശ്നനത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഒരു വിഭാഗം കോടതിയെ സമീപിച്ചത്. എന്നാൽ സ്കൂൾ യൂണിഫോമിൻറെ ഭാഗമായുള്ള വസ്ത്ര ധാരണത്തിൽ ഹിജാബ് അനുവദിക്കില്ലെന്ന് കോടതിയും ഉത്തരവിറക്കി. ഇതിനെ ചോദ്യം ചെയ്താണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
അതേ സമയം ക്യാമ്പസിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അത് നീക്കം ചെയ്യുന്നതായി കോളേജ് പ്രിൻസിപ്പൽമാർ പറയുന്നുണ്ട്.











