തിരുവനന്തപുരം: പൊന്നോണം കുടിയോണമാക്കി ആഘോഷിച്ച് മലയാളി. ബെവ്കോയിലെ മദ്യവിൽപ്പനയിൽ റെക്കോർഡ് ഭേദിച്ച ഈ ഓണക്കാലം, കൊവിഡ് നിയന്ത്രണങ്ങളെ കാറ്റിൽ പറത്തിയാണ് മലയാളി ആഘോഷിക്കുന്നത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപനശാലകളിലൂടെ മാത്രം വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 32 കോടി രൂപയുടെ വർദ്ധനവാണ് മദ്യവിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ച കൊണ്ട് ബെവ്കോ വഴി വിറ്റത് 624 കോടി രൂപയുടെ മദ്യമാണ് എന്നാണ് കണക്ക്. ഇതിൽ 550 കോടി രൂപയും നികുതിയിനത്തിൽ സർക്കാരിനാണ് ലഭിക്കുക.
ഓണം മദ്യവിൽപ്പനയിൽ ബെവ്കോ ഔട്ട്ലെറ്റുകൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ഇത്തവണ നാല് മദ്യവിൽപനശാലകളിൽ വിൽപന ഒരു കോടി കഴിഞ്ഞു. കൊല്ലം ആശ്രാമം ഔട്ട് ലെറ്റിലാണ് കൂടുതൽ മദ്യം വിറ്റു പോയത്. ഇവിടെ മാത്രം വിറ്റത് 106 കോടി രൂപയുടെ മദ്യമാണ് .
തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട് ലെറ്റിൽ വിറ്റത് 102 കോടി രൂപയുടെ മദ്യമാണ്. ഇരിങ്ങാലക്കുടയിൽ 101 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ചേർത്തല കോടതി ജംഗഷനിലെ ഔട്ട് ലെറ്റിൽ വിറ്റത് 100 കോടി രൂപയുടെ മദ്യമാണ്. 99.9 ലക്ഷം രൂപയുടെ മദ്യം വിറ്റ പയ്യന്നൂരിലെ ബെവ്കോ വിൽപ്പനശാലയ്ക്ക് 100 കോടി എന്ന മാന്ത്രിക സംഖ്യ നേരിയ വ്യത്യാസത്തിൽ നഷ്ടമായി.












