പറ്റ്‌ന: 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. ഇത് തന്റെ അനുയായികൾ പറഞ്ഞു പരത്തുന്നതാണെന്നും മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും നിതീഷ് പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷപാർട്ടികളുടെ ഐക്യം മാത്രമാണ് തന്റെ ആഗ്രഹമെന്നും നിതീഷ് കൂട്ടിച്ചേർത്തു.
ലോക്‌സഭയിലേക്ക് താൻ മത്സരിക്കുന്നുവെന്ന വാർത്ത കേട്ട് ഞെട്ടിപ്പോയി എന്നായിരുന്നു നിതീഷിന്റെ പ്രതികരണം. എംപി സ്ഥാനത്തിനോ രാജ്യത്തെ മറ്റൊരു പദവിക്കോ താൻ ആഗ്രഹിക്കുന്നില്ല. പുതുതലമുറയിലെ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും നിതീഷ് പറഞ്ഞു. ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നിതീഷിന്റെ വാക്കുകൾ.
ബിജെപി രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കുകയാണ്. താൻ ഇതിന് എതിരാണ്. അതുകൊണ്ടാണ് രാജ്യത്തെ പരമാവധി പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുനിർത്തി 2024 ലെ തിരഞ്ഞെടുപ്പ് നേരിടാൻ താൻ ശ്രമിക്കുന്നത്. ആ പരിശ്രമം തുടരും നിതീഷ് കൂട്ടിച്ചേർത്തു.
യുപിയിലെ ഫൂൽപൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് നിതീഷ് ജനവിധി തേടുമെന്നായിരുന്നു വാർത്തകൾ പരന്നത്. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച നിതീഷിന്റെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വരെ ഉയർത്തിക്കാട്ടിയിരുന്നു.









Discussion about this post