ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ‘ട്രിപ്പിൾ എക്സ്‘ എന്ന വെബ് സീരീസിലെ, സൈനികരെ അപമാനിക്കുന്ന അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട കേസിൽ നിർമ്മാതാവും നടിയുമായ ഏക്താ കപൂറിനെതിരെ രൂക്ഷമായ പരാമർശം നടത്തി സുപ്രീം കോടതി. ഏക്ത രാജ്യത്തെ യുവാക്കളുടെ മനസ്സുകളെ മലീമസമാക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.
ആൾട്ട് ബാലാജി എന്ന ഒടിടി പ്ലാറ്റ്ഫോം വഴി സംപ്രേഷണം ചെയ്ത വെബ് സീരീസിൽ സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബാംഗങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന് കാട്ടി നൽകപ്പെട്ട പരാതിയിൽ ഏക്ത കപൂറിനെതിരെ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നു. ഇത് റദ്ദാക്കണമെന്ന് കാട്ടി അവർ നൽകിയ ഹർജി പരിഗണിക്കവയായിരുന്നു കോടതിയുടെ പരാമർശം.
നടപടി സ്വീകരിച്ചേ മതിയാകൂ. നിങ്ങൾ ഈ രാജ്യത്തെ യുവാക്കളുടെ മനസ്സുകളെ മലീമസമാക്കുകയാണ്. നിങ്ങളുടെ കണ്ടന്റുകൾ ഏവർക്കും സുലഭമാണ്. ജസ്റ്റിസ് അജയ് രസ്തോഗിയും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങിയ ബെഞ്ച് പറഞ്ഞു. സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രമാണ് കണ്ടന്റ് ലഭിക്കുകയെന്നും, രാജ്യത്ത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഏവർക്കുമുണ്ടെന്നുമുള്ള ഏക്താ കപൂറിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.
‘ട്രിപ്പിൾ എക്സ്‘ എന്ന വെബ് സീരീസിൽ സൈനികരുടെ ഭാര്യമാരെ അപമാനിക്കുന്ന രംഗങ്ങളുണ്ട് എന്ന് ചൂണ്ടിക്കാട്ടി ബിഹാറിലെ ബെഗുസരായ് സ്വദേശി ശംഭു കുമാർ സമർപ്പിച്ച പരാതിയിൽ വിചാരണ കോടതിയാണ് ഏക്താ കപൂറിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് ഏക്ത സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post