പുരി: രാഷ്ട്രപതി ദ്രൗപതി മുർമു പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. രണ്ട് കിലോമീറ്റർ നടന്നാണ് രാഷ്ട്രപതി പുരിയിലെത്തി ജഗന്നാഥനെ കണ്ടത്. ആ മണ്ണിൽ സാഷ്ടാംഗം പ്രണമിച്ച രാഷ്ട്രപതി പ്രാർത്ഥനകൾ നടത്തി കുറച്ചുനേരം ചിലവിട്ട ശേഷമാണ് മടങ്ങിയത്.
ഒഡീഷയിലെ മയൂർഗഞ്ച് ആണ് രാഷ്ട്രപതിയുടെ ജൻമനാട്. രാജ്യത്തിന്റെ ക്ഷേമത്തിനായിട്ടാണ് താൻ പ്രാർത്ഥിച്ചതെന്ന് ദ്രൗപതി മുർമു പിന്നീട് ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. ഒഡീഷയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. രാജ്യത്തെ മുഴുവൻ പൗരൻക്ക് വേണ്ടിയും ലോകത്തിന്റെ ക്ഷേമത്തിന് വേണ്ടിയും പ്രാർത്ഥിച്ചുവെന്നും രാഷ്ട്രപതി കുറിച്ചു.
മഹാപ്രഭു ജഗന്നാഥൻ ഒഡീഷയിൽ ജീവിക്കുന്നവരുടെ മാത്രം ദൈവമല്ലെന്നും പ്രപഞ്ചത്തിന്റെ മുഴുവൻ ദൈവമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. രാഷ്ട്രപതി ആയതിന് ശേഷം ആദ്യമായിട്ടാണ് ദ്രൗപതി മുർമു ഒഡീഷയിൽ എത്തുന്നത്.
രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് രാവിലെ 10.30 മുതൽ ഒരു മണി വരെ മറ്റുളളവർക്ക് ദർശനം നിയന്ത്രിച്ചിരുന്നു. ബലഗണ്ഡി ഛാക്കിൽ വാഹനം നിർത്തി ഏതൊരു സാധാരണ വിശ്വാസിയെയും പോലെ നടന്നാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തിയത്. റോഡിന് ഇരുവശങ്ങളിലും രാഷ്ട്രപതിയെ കാണാൻ നിരവധി പേരെത്തിയിരുന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തും കൈകൂപ്പിയുമാണ് രാഷ്ട്രപതി നടന്നുനീങ്ങിയത്.
ക്ഷേത്രഗേറ്റിൽ പുരോഹിതരും ഭാരവാഹികളും രാഷ്ട്രപതിയെ സ്വീകരിച്ചു. ക്ഷേത്രത്തിലേക്കുളള 22 പടികളും തൊട്ടുതൊഴുതാണ് രാഷ്്ട്രപതി കയറിയത്. ക്ഷേത്രത്തിലെ പ്രസാദമൂട്ടിലും രാഷ്ട്രപതി സംബന്ധിച്ചു.
സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ രാഷ്ട്രപതിയെ കാണാൻ വിവിധയിടങ്ങളിൽ എത്തിയിരുന്നു. ഈ സ്‌നേഹവും ബഹുമാനവും തന്നെ കീഴ്‌പ്പെടുത്തിക്കളഞ്ഞുവെന്നും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും സന്ദർശനത്തിന്റെ മറ്റ് ചിത്രങ്ങൾ പങ്കുവെച്ച് രാഷ്ട്രപതി പറഞ്ഞു.
Discussion about this post