മംഗലൂരു: മംഗലൂരു സ്‌ഫോടനത്തിന് പിന്നിലെ മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. മംഗലൂരുവിലെ സ്‌ഫോടനത്തിന് മുന്നോടിയായി ഷാരിഖ് ശിവമോഗയിൽ സ്‌ഫോടനത്തിന്റെ ട്രയൽ നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇയാളുടെ കൂട്ടാളികൾക്കായും അന്വേഷണം സജീവമാക്കിയിട്ടുണ്ട്.
ഹിന്ദുപേരുകളിൽ ഒളിവിൽ കഴിയുമ്പോൾ തിരിച്ചറിയാതിരിക്കാൻ ഇയാൾ താടി വടിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് ഷാരിഖും സംഘവും നേരത്തെ തന്നെ സ്‌ഫോടനങ്ങൾക്കായി ഒരുക്കങ്ങൾ നടത്തിയിരുന്നു എന്നതിന്റെ തെളിവായിട്ടാണ് അന്വേഷണ സംഘം ഈ വിവരങ്ങൾ പരിഗണിക്കുന്നത്. കോയമ്പത്തൂരിലും മംഗലൂരുവിലുമാണ് ഹിന്ദു പേരുകളിൽ ഷാരിഖ് താമസിച്ചത്.
ഷാരിഖിന്റെ സഹായികളെ കണ്ടെത്താൻ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് മംഗലൂരുവിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം ഉണ്ടായത്. വാഹനത്തിലെ തകരാർ ആണെന്ന് ആയിരുന്നു ആദ്യം കരുതിയത്. ഡിറ്റണേറ്റർ ഫിറ്റ് ചെയത കുക്കറും വയറും ബാറ്ററിയും കണ്ടെടുത്തതോടെയാണ് സ്‌ഫോടനമായിരുന്നു ലക്ഷ്യമിട്ടതെന്ന് മനസിലായത്.
ഷാരിഖ് സ്‌ഫോടനത്തിന് ആവശ്യമായ വസ്തുക്കൾ ഓൺലൈൻ വഴി വാങ്ങിയത് ആലുവയിലെ വിലാസത്തിലായിരുന്നു. ഇയാൾ ആലുവയിൽ സെപ്തംബർ 13 മുതൽ അഞ്ച് ദിവസം തങ്ങിയതായി കേരള പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു.
ഷാരിഖിന്റെ കൂട്ടാളികളായ അബ്ദുൾ മാതീൻ താഹ, മുസാബിർ ഹുസൈൻ, അറാഫത് അലി എന്നിവർക്കായിട്ടാണ് അന്വേഷണം സജീവമാക്കിയത്. തീർത്ഥഹളളി നിവാസികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശിവമോഗയിൽ നിന്നും 60 കിലോമീറ്റർ അകലെയുളള സ്ഥലമാണ് തീർത്ഥഹള്ളി.
അബ്ദുൾ മാതീൻ താഹ, മുസാബിർ ഹുസൈൻ എന്നിവർക്കെതിരെ നേരത്തെ ബംഗളൂരു കേന്ദ്രീകരിച്ച് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചതിന് പോലീസ് കേസെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ 2020 മുതൽ ഇവർ ഒളിവിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുളളവരെ ചേർത്താണ് ഇവർ ഐഎസ് ഗ്രൂപ്പ് ഉണ്ടാക്കാൻ നോക്കിയത്. അറാഫത് അലി ദുബായിലേക്ക് കടന്നതായാണ് ലഭിക്കുന്ന വിവരം.
മാതീൻ താഹയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post