ദോഹ: 2022 ഫുട്ബോൾ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ഫ്രാൻസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡെൻമാർക്കിനെ തകർത്താണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് കാലെടുത്ത് വെച്ചത്.
ഗ്രൂപ്പ് ഡിയിൽ കളിച്ച രണ്ട് കളികളും വിജയിച്ച് ആറ് പോയിന്റോടെയാണ് ഫ്രാൻസ് പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. ഫ്രാൻസിന് തൊട്ടുപിന്നിൽ മൂന്ന് പോയിന്റുമായി ഓസ്ട്രേലിയയാണ്. ഡെൻമാർക്കിനും ടുണീഷ്യയ്ക്കും രണ്ട് കളികളിൽ നിന്നായി ഒരു പോയിന്റാണ് ഉളളത്.
ഡെൻമാർക്കിനെതിരായ മത്സരത്തിൽ 61 ാം മിനിറ്റിൽ ആയിരുന്നു ഫ്രാൻസ് വല കുലുക്കിയത്. എംബപെയാണ് ഗോൾ നേടിയത്. തുടക്കം മുതൽ ഗോളിനായി ഫ്രാൻസ് നടത്തിയ മികച്ച പരിശ്രമങ്ങൾ പലതും വിഫലമാകുകയായിരുന്നു. ഫ്രാൻസിന്റെ ഗോളാഘോഷം കെട്ടടങ്ങും മുൻപ് തന്നെ ഡെൻമാർക്ക് വല കുലുക്കി സ്കോർ നില തുല്യമാക്കി. എൺപത്തിയാറാം മിനിറ്റിൽ എംബാപെ രണ്ടാം ഗോൾ നേടിയതോടെ ഫ്രാൻസ് വിജയം ഉറപ്പിക്കുകയായിരുന്നു.
ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ആയിരുന്നു ഫ്രാൻസിന്റെ എതിരാളികൾ. 4-1 നായിരുന്നു ഫ്രാൻസിന്റെ വിജയം.
Discussion about this post