തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരക്കാർ നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വി. മുരളീധരന്റെ പ്രതികരണം. വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ജനങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമായിരുന്നു. എന്നാൽ വിഴിഞ്ഞത്ത് പൊലീസ് സംവിധാനം പൂർണമായും പരാജയപ്പെട്ടു.
വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാന വികസനത്തിലെ നാഴികക്കല്ലാകേണ്ടതാണ്. എന്നാൽ സഭാ നേതൃത്വത്തിനെ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിൽ മുഖ്യമന്ത്രിയും സർക്കാരും പരാജയപ്പെട്ടു. ക്രമസമാധാനപാലനമെന്നാൽ കേസെടുക്കലല്ലെന്നും സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ആവശ്യം ജനങ്ങളെ പറഞ്ഞ് മനസിലാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post