ഇന്ത്യൻ സാമ്പത്തികരംഗം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡിജിറ്റൽ കറൻസി ഡിസംബർ ഒന്നിന് യാഥാർഥ്യമാകുമ്പോൾ അത് ഇന്ത്യൻ സാമ്പത്തികരംഗത്ത് ഏത് തരത്തിലുള്ള മാറ്റമാണ് സൃഷ്ടിക്കുക എന്ന ചിന്തയിലാണ് വിദഗ്ദർ. ആര്‍ബിഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ രൂപ സാധാരണ ഉപയോക്താക്കളിലേക്ക് നവംബര്‍ 1 ന് അവതരിപ്പിച്ചിരുന്നു. തുടർന്ന്, പരീക്ഷണാടിസ്ഥാനത്തിലാണ് ഡിസംബറില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്നത് എന്ന് റീറ്റെയ്ല്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) വ്യക്തമാക്കി.
കറന്‍സിയുടെ ഇലക്ട്രോണിക് പതിപ്പാണ് ഡിജിറ്റല്‍ കറൻസി. ബാങ്ക് നല്‍കുന്ന ഡിജിറ്റല്‍ വോളറ്റ് വഴിയാണ് ഡിജിറ്റല്‍ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികള്‍ തമ്മിലോ, വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താന്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കാം. കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപ വഴി പണമിടപാട് നടത്താം.പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ രൂപയായിരിക്കും ആദ്യഘട്ടത്തിൽ പുറത്തിറക്കുക.
ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡന്‍, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തില്‍ ഡിജിറ്റല്‍ കറന്‍സി ഉപയോഗത്തിലുണ്ട്.രാജ്യത്തെ തെരെഞ്ഞെടുത്ത ബാങ്കുകള്‍ വഴിയാകും ഡിജിറ്റൽ കറൻസി ലഭ്യമാകുക.എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്സി തുടങ്ങി നാല് ബാങ്കുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഡിജിറ്റൽ കറൻസി പുറത്തിറക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. പിന്നീട് ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കോടാക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയില്‍ പങ്കാളികളാകും.
മുംബൈ, ഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ മാത്രമേ ഡിജിറ്റല്‍ രൂപ ആദ്യ ഘട്ടത്തില്‍ ലഭ്യമാവുകയുള്ളു.ഹൈദരാബാദ്, കൊച്ചി, ഇന്‍ഡോര്‍, ലഖ്നൗ, പാട്ന, ഷിംല തുടങ്ങിയ മറ്റനേകം നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ കറൻസി ലഭ്യമാകും.
Discussion about this post