ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നേക്കുമെന്ന് സൂചന. രാജ്യസഭയില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ ഖാര്‍ഗെയ്ക്ക് പകരം ആര് വേണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ തീരുമാനമൊന്നും എടുക്കാത്ത സാഹചര്യത്തിലാണ് ഖാര്‍ഗെ തന്നെ പ്രതിപക്ഷ നേതാവായി തുടര്‍ന്നേക്കുമെന്ന അഭ്യൂഹം ഉടലെടുത്തിരിക്കുന്നത്. അങ്ങനെ വന്നാല്‍ ‘ഒരു വ്യക്തിക്ക് ഒരു പദവി’ എന്ന നയത്തില്‍ കോണ്‍ഗ്രസ് മലക്കം മറിഞ്ഞതായി കരുതേണ്ടി വരും.
സോണിയ ഗാന്ധി നാളെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലെ പ്രധാന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. രാജ്യസഭയില്‍ നിന്നും ഖാര്‍ഗെയും ജയറാം രമേശും കെ സി വേണുഗോപാലും മാത്രമാണ് ഈ യോഗത്തില്‍ പങ്കെടുക്കുക എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ദിഗ്‌വിജയ് സിംഗ്, പി ചിദംബരം തുടങ്ങി രാജ്യസഭയില്‍ ഖാര്‍ഗെയ്ക്ക് പകരക്കാരാകാന്‍ യോഗ്യരായവരെ യോഗത്തിന് ക്ഷണിച്ചിട്ടില്ലെന്നുള്ളത് ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെച്ചിരുന്നെങ്കിലും ശീതകാല പാര്‍ലമെന്റ് സമ്മേളന കാലയളവിലെങ്കിലും ഈ പദവിയില്‍ ഖാര്‍ഗെ തന്നെ തുടരുമെന്ന സൂചനയാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. സമ്മേളനം അവസാനിക്കുന്ന മുറയ്ക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഉടച്ചുവാര്‍ക്കലുകള്‍ പ്രതീക്ഷിക്കാമെന്നും ഇവര്‍ സൂചന നല്‍കുന്നു.
ഖാര്‍ഗെയെ കൂടാതെ മറ്റു രണ്ട് പേര്‍ കൂടി കോണ്‍ഗ്രസിന്റെ ഒരു വ്യക്തിക്ക് ഒരു പദവി നയത്തിന് വിരുദ്ധമായി തുടരുന്നുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ബംഗാളില്‍ പാര്‍ട്ടിയുടെ പ്രസിഡന്റുമായ അധിരഞ്ജന്‍ ചൗധരിയും രാജ്യസഭ ചീഫും പാര്‍ട്ടിയുടെ ആശയവിനിമയ വിഭാഗം തലവനുമായ ജയറാം രമേശുമാണ് അവര്‍.
ഒരു വ്യക്തിക്ക് ഒരു പദവി നയത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് സെപ്റ്റംബറില്‍ ഉദയ്പൂറില്‍ നടന്ന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന അശോക് ഗെഹ്ലോട്ടിനെ മത്സരത്തില്‍ നിന്നും പിന്തിരിപ്പിച്ചതും ഈ നയത്തില്‍ രാഹുല്‍ഗാന്ധി കാണിച്ച കടുംപിടിത്തമായിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് വരാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ഗെഹ്ലോട്ട് തയ്യാറായിരുന്നില്ല. അതെ തുടര്‍ന്ന് നിരവധി നാടകങ്ങള്‍ അന്ന് കോണ്‍ഗ്രസില്‍ അരങ്ങേറിയിരുന്നു.
Discussion about this post