വിജയപുര: ഹിന്ദുക്കളെ ഒന്നും ചെയ്യരുതെന്ന് മുസ്ലീം മുഗൾ ഭരണാധികാരികൾ തീരുമാനിച്ചതിനാലാണ് ഇന്ത്യയിൽ ഹിന്ദുക്കൾ അതിജീവിച്ചതെന്ന വിവാദ പരാമർശവുമായി വിരമിച്ച ജഡ്ജി.കർണ്ണാടകയിലെ മുൻ ജില്ലാ ജഡ്ജി ആയിരുന്ന വസന്ത മുലസവലഗിയാണ് വിവാദ പരമാർശവുമായി എത്തിയിരിക്കുന്നത്. വിജയപുര നഗരത്തിൽ നടന്ന ഭരണഘടനയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുക എന്ന സെമിനാറിൽ സംസാരിക്കവെയാണ് വസന്ത മുലസവലഗിയുടെ പരാമർശം.
” മുസ്ലീങ്ങൾ ഇത് ചെയ്തു, അത് ചെയ്തു, എന്ന് നിങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു. മുസ്ലീങ്ങൾ 700 വർഷമായി ഈ രാജ്യം ഭരിച്ചു, അവർ ഹിന്ദുക്കൾക്ക് എതിരായിരുന്നുവെങ്കിൽ, അവർ നിങ്ങളെയെല്ലാം കൊല്ലുമായിരുന്നു. അവർ രാജാക്കന്മാരായിരുന്നു, ജനാധിപത്യം പാലിക്കേണ്ട കാര്യമില്ലായിരുന്നു. അവർ ന്യൂനപക്ഷമായി എന്നതിൻറെ ഉദാഹരണങ്ങൾ ആരും പറയുന്നില്ല. അക്ബറിന്റെ ഭാര്യ ഹിന്ദുവായിരുന്നു, പക്ഷേ അവൾ മതം മാറിയില്ല, അദ്ദേഹം ഒരു കൃഷ്ണ ക്ഷേത്രം പണിതു. ഇപ്പോൾ സംസാരിക്കുന്ന ആളുകൾക്ക് ചരിത്രത്തെക്കുറിച്ച് അറിവില്ല, കേൾക്കുന്നവർക്കും തലച്ചോറില്ല”, വസന്ത മുലസവലഗി പറഞ്ഞു. . കർണാടക മുൻ ജഡ്ജിയുടെ ഈ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
“1990-കളിൽ, മതസ്‌ഥലങ്ങളുടെ ഉത്ഭവം സ്വാതന്ത്ര്യാനന്തരം പരിശോധിക്കേണ്ടതില്ല, തൽസ്ഥിതി നിലനിർത്തണം എന്നൊരു നിയമം നിലവിൽ വന്നു, എന്നാൽ അപ്പോഴും ഒരു ജില്ലാ കോടതി ശിവലിംഗം പരിശോധിക്കാൻ ഉത്തരവിട്ടു. ഉത്തരാഖണ്ഡിൽ ഒരു ശിവലിംഗമുണ്ട്. ചുറ്റും ബുദ്ധ പ്രതിമകളാണ്, നിങ്ങൾ മന്ദിറിനെയും മസ്ജിദിനെയും കുറിച്ച് സംസാരിക്കുന്നു, എന്നാൽ മന്ദിറിന് മുമ്പ് ചരിത്രത്തിൽ അശോകൻ ഉണ്ടായിരുന്നുവെന്ന് അറിയണം, ജഡ്ജി കൂട്ടിച്ചേർത്തു.
Discussion about this post