വാഷിംഗ്ടണ്‍: ഇന്ത്യ എന്നിലെ ഒരംശമാണ്, എവിടെ പോയാലും ഞാന്‍ എന്റെ രാജ്യത്തെയും ഒപ്പം കൊണ്ടുപോകുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയില്‍ നിന്നും പത്മഭൂഷണ്‍ ബഹുമതി ഏറ്റുവാങ്ങവെയാണ് ഇന്ത്യക്കാരുടെ അഭിമാനമായി ഗൂഗിളിന്റെ തലപ്പത്തിരിക്കുന്ന പിച്ചൈ തന്റെ രാജ്യസ്‌നേഹം വെളിപ്പെടുത്തിയത്.
വ്യാപാര, വ്യവസായ മേഖലയിലെ സംഭാവനകള്‍ക്കാണ് രാജ്യം പിച്ചൈയ്ക്ക് പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ ്സ്ഥാനപതി തരണ്‍ജിത് സിംഗ് സാധുവില്‍ നിന്നാണ് പിച്ചൈ രാജ്യത്തെ മൂന്നാമത് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ഏറ്റുവാങ്ങിയത്. മധുരയില്‍ ജനിച്ച് വളര്‍ന്ന പിച്ചൈ ഈ വര്‍ഷം പത്മഭൂഷണ്‍ ബഹുമതിക്കായി തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് പേരില്‍ ഒരാളാണ്.
ഈ ബഹുമതിക്കായി തന്നെ തെരഞ്ഞെടുത്തതില്‍ കേന്ദ്ര സര്‍ക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും താന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതായി പിച്ചൈ പറഞ്ഞു. “തന്നെ പരുവപ്പെടുത്തിയ രാജ്യത്ത് ഇത്തരത്തില്‍ ആദരിക്കപ്പെടുന്നത് അര്‍ത്ഥവത്താണ്. ഇന്ത്യ എന്നിലെ ഒരംശമാണ്, എവിടെയെങ്കില്‍ ഭദ്രമായി വെക്കുന്ന ഈ മനോഹര പുരസ്‌കാരത്തെ പോലെയല്ല, ഞാന്‍ എവിടെ പോയാലും ഇന്ത്യയെയും ഒപ്പം കൊണ്ടുപോകും”, പിച്ചൈ പറഞ്ഞു.
അറിവിനും പഠനത്തിനും മുന്‍തൂക്കം നല്‍കുന്ന ഒരു കുടുംബത്തില്‍ വളരാനായി എന്നതില്‍ താന്‍ ഭാഗ്യവാനാണെന്നും തന്റെ താല്‍പ്പര്യങ്ങളില്‍ മുന്നേറാനുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചവരാണ് തന്റെ മാതാപിതാക്കളെന്നും പിച്ചൈ പറഞ്ഞു. ഇന്ത്യയിലെ സാങ്കേതികരംഗത്തെ അതിവേഗ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ മുതല്‍ വോയിസ് ടെക്‌നോളജി വരെ ഇന്ത്യയില്‍ ഉണ്ടാകുന്ന പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുന്നവയാണ്. സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക ലക്ഷ്യത്തോടെയുള്ള ഗൂഗിളും ഇന്ത്യയും തമ്മിലുള്ള മഹത്തരമായ പങ്കാളിത്തം ഇനിയും തുടരാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിച്ചൈ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ വിഷന്‍ സാങ്കേതികരംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നെന്നും രാജ്യത്തെ വിവിധ സര്‍ക്കാരുകളുമായും ബിസിനസുകളുമായും ചേര്‍ന്ന് അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ ഗൂഗിള്‍ തുടര്‍ന്നും ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്തുമെന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു.
Discussion about this post