ന്യൂഡൽഹി; ജമ്മു കശ്മീരിൽ അടിയന്തര സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല. ഭീകരസംഘടനകൾ കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട സാഹചര്യത്തിലാണ് സുരക്ഷാ യോഗം നടന്നത്. കശ്മീരി പണ്ഡിറ്റ് സമുദായത്തിൽപ്പെട്ട 56 ജീവനക്കാരുടെ ലിസ്ററാണ് ഭീകര സംഘടനകൾ പുറത്തുവിട്ടത്.
സാഹചര്യങ്ങളെ നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കണമെന്നും സുരക്ഷാ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ . ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, കേന്ദ്ര അർദ്ധസൈനിക സേന, ജമ്മു കശ്മീർ പോലീസ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ലഷ്കർ-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി ലിങ്ക് ചെയ്‌ത ഒരു ബ്ലോഗിലാണ് 56 പണ്ഡിറ്റുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിൽ പ്രവർത്തിക്കുന്ന 56 പണ്ഡിറ്റുകളാണ് പട്ടികയിൽ ഉൾപ്പെടുന്നവർ. ഇവർക്കെതിരെ ആക്രമണമുണ്ടാകുമെന്നാണ് ലഷ്കറിൻറെ ഭീഷണി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പണ്ഡിറ്റുകൾക്കു നേരെ വലിയ ആക്രമണമാണ് ഭീകരർ അഴിച്ചുവിടുന്നത്. അഞ്ച് കശ്മീരി പണ്ഡിറ്റുകളും , സിക്ക്, ഹിന്ദുവിഭാഗവും ഉൾപ്പെടെ 118 സാധാരണക്കാരാണ് ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 2019 ഓഗസ്റ്റ് മുതൽ ഒരു കശ്മീരി പണ്ഡിറ്റും താഴ്‌വര വിട്ടിട്ടില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിൻറെ റിപ്പോർട്ട്.
2018-ൽ 417 പേരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. ഇത് 2021 ആയപ്പോൾ 229-ലേക്ക് എത്തി. തീവ്രവാദ ആക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിൽ അറിയിച്ചിരുന്നു. കശ്മീർ താഴ്‌വരയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷയാണ് കശ്മീരിൽ ഒരുക്കുന്നത്. രഹസ്യാന്വേഷണ വിഭാഗവും ഏറെ ജാഗ്രതയിലാണ്. ഭീകരർക്കെതിരെയുള്ള സജീവമായ പ്രവർത്തനങ്ങൾ, ചെക്ക് പോസ്റ്റുകളിൽ രാത്രി പട്രോളിംഗും പരിശോധനയും, സൈനിക സുരക്ഷാ വിന്യാസവും ശക്തമാക്കികൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയിരുന്നു .
Discussion about this post