അഹമ്മദാബാദ്: തുടര്‍ച്ചയായ ഏഴാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരത്തിലേക്ക്. പ്രധാനമന്ത്രിയുടെയെും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ജന്മനാട്ടില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായിരുന്നെങ്കിലും സമാനതകളില്ലാത്ത, എതിരില്ലാത്ത വിജയമാണ് ഇത്തവണ ഗുജറാത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും സമ്മാനിച്ചത്. ആഭ്യന്തരമന്ത്രി അമിത്ഷായുടെ കൃത്യമായ പദ്ധതികളിലൂടെ ഗുജറാത്തില്‍ തങ്ങളുടെ ശക്തി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ബിജെപി.
പ്രചാരണത്തില്‍ പോലും ദുര്‍ബലമായ പ്രകടനം കാഴ്ചവെച്ച കോണ്‍ഗ്രസ് ഗുജറാത്തില്‍ നിലംപരിശാകുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നത്. ബിജെപിക്കെതിരെ ശക്തമായ പ്രചാരണം കാഴ്ച വെച്ചെങ്കിലും അത് വിജയമാക്കി മാറ്റാന്‍ എഎപിക്ക് സാധിച്ചില്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പ് 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആമുഖമായാണ് വിശേഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഗുജറാത്തിലെ മിന്നുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ആയിരിക്കും ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുക.
182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലവില്‍ 97 സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. 59 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. 2017ലെ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടിയ സ്ഥാനത്താണിത്. 2017ലെ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ 7 സീറ്റുകളില്‍ മാത്രമാണ് ജയം ഉറപ്പിച്ചിരിക്കുന്നത്. പത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. ഗുജറാത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഇടം നേടുകയെന്ന ലക്ഷ്യത്തോടെ ശക്തമായ പ്രചാരണം നടത്തിയ എഎപി നാല് സീറ്റുകളില്‍ വിജയിച്ചു, മറ്റൊരു സീറ്റില്‍ ലീഡ് തുടരുന്നു.
കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടതെന്നിരിക്കെ 27 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് ഇത് ചരിത്ര വിജയമാണ്. ബിജെപിയുടെ ഹോംഗ്രൗണ്ട് എന്നാണ് ഗുജറാത്ത് വിശേഷിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും നേതൃത്വത്തില്‍ വന്‍ പ്രപാചരണമാണ് ബിജെപി സംസ്ഥാനത്ത് കാഴ്ചവെച്ചത്. അമിത്ഷായുടെ കൃത്യമായ പദ്ധതിയില്‍ നടന്ന പ്രചാരണത്തില്‍ മുപ്പതിലധികം തെരഞ്ഞെടുപ്പ് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി നടന്ന ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ 66.38 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
Discussion about this post