അഹമ്മദാബാദ്: ഗുജറാത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ തേടുകയാണ്. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപിയുടെ സമഗ്രാധിപത്യമാണ് ലീഡ് നിലകളില്‍ കണ്ടത്. ലീഡ് കേവലം ഇരുപതില്‍ താഴെ സീറ്റുകളിലേക്ക് കൂപ്പുകുത്തിയതോടെ കോണ്‍ഗ്രസ് ആസ്ഥാനത്തെ കൗണ്ട്ഡൗണ്‍ ക്ലോക്ക് എടുത്തുമാറ്റിയിരിക്കുകയാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഓടിത്തുടങ്ങിയ ക്ലോക്കാണ് ഇപ്പോള്‍ ഓട്ടം മതിയാക്കിയത്.
പരിവര്‍ത്തന്‍ അഥവാ ഭരണമാറ്റത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ എന്ന പ്രഖ്യാപനവുമായാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഈ കൗണ്ട്ഡൗണ്‍ ക്ലോക്ക് സ്ഥാപിച്ചത്. ദിവസങ്ങള്‍, മണിക്കൂറുകള്, മിനിട്ട് സൂചികകളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ പരിവര്‍ത്തനവും ഭരണമാറ്റവും ഇല്ലാതെ ഗുജറാത്തില്‍ 27ാം തവണയും താമര വിടര്‍ന്നപ്പോള്‍ ക്ലോക്കിലെ എല്ലാ സൂചികകളും നിലച്ചു.
കോണ്‍ഗ്രസ് പരാജയം നേരത്തേ ഉറപ്പായിരുന്നു എങ്കിലും ലീഡ് സീറ്റുകളുടെ എണ്ണം ഇരുപതില്‍ താഴെ എത്തിയതിന് പിന്നാലെ പതിനൊന്നരയോടെയാണ് ക്ലോക്ക് കോണ്‍ഗ്രസ് ഓഫ് ചെയ്തത്.
1985ലെ കോണ്‍ഗ്രസ് റെക്കോഡ് തകര്‍ത്ത് കൊണ്ട് സംസ്ഥാനത്തെ ഏറ്റവും മിന്നുന്ന വിജയത്തിലേക്ക് നടന്നടുക്കുകയാണ് ബിജെപി. അതേസമയം, കോണ്‍ഗ്രസ് ഇതുവരെ കാണാത്ത പതനമാണ് ഗുജറാത്തില്‍ സംഭവിച്ചിരിക്കുന്നത്.
Discussion about this post