തിരുവനന്തപുരം: മേപ്പാടി പോളിടെക്‌നിക് കോളെജിലെ സംഘര്‍ഷത്തില്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. മേപ്പാടി കാമ്പസില്‍ മയക്കുമരുന്ന് സംഘം പിടി മുറുക്കിയിരിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ നേരത്തെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ആരോപിച്ചു. ലഹരിസംഘത്തിന് പാര്‍ട്ടിയുടെ രാഷ്ട്രീയ സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടെന്നും കൊച്ചിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടി ഉദ്ദേശിച്ച് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയതോടെ ഇന്നത്തെ സഭാനടപടികള്‍ റദ്ദ് ചെയ്യുന്നതായി സ്പീക്കര്‍ അറിയിച്ചു.
മേപ്പാടി പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ മാസങ്ങള്‍ക്ക് മുമ്പ് എംഎസ്എഫിന്റെ കൊടിമരം നശിപ്പിച്ച കേസിലും പ്രതികളാണ്. ഇവിടെ ലഹരിസംഘത്തിന്റെ പ്രവര്‍ത്തനം ശക്തമാണ്. ലഹരി ഉപയോഗിച്ചതിന് എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ കുറ്റങ്ങളെല്ലാം കെഎസ്‌യുവിന് മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്. ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
ലഹരിസംഘത്തിന് പാര്‍ട്ടിയുടെ രാഷ്ട്രീയ സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടെന്ന ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത സിഐടിയു നേതാവ് ലഹരി മരുന്ന് കേസില്‍ ജയിലിലാണെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു. ഇതോടെ പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ഭരണപക്ഷം സഭയില്‍ ബഹളം ആരംഭിച്ചു. ബഹളം നിയന്ത്രണാതീതമായതോടെ ഇന്നത്തെ സഭാനടപടികള്‍ റദ്ദ് ചെയ്യാന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post