കാലിഫോര്‍ണിയ: എന്തിനും ഏതിനും ഗൂഗിള്‍ സര്‍ച്ചില്‍ വിവരങ്ങള്‍ തിരയുന്നവരാണ് നമ്മള്‍. വലിയ വലിയ കാര്യങ്ങള്‍ മുതല്‍ നിസ്സാരമായത് വരെ നമ്മുടെ എന്ത് സംശങ്ങളും തീര്‍ത്തുതരാന്‍ ഗൂഗിള്‍ പരമാവധി ശ്രമിക്കാറുമുണ്ട്. എന്നാലും എന്തായിരിക്കും ആളുകള്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരയുന്നത്. അത് ഗൂഗിളിന് മാത്രമല്ലേ അറിയൂ. അതെ, ഗൂഗിളിന് മാത്രം അറിയുന്ന അക്കാര്യം പുറത്തുവിട്ടിരിക്കുകയാണ് ആഗോള സര്‍ച്ച് ഭീമന്‍. ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സര്‍ച്ച് 2022’ റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം ആളുകള്‍ ഗൂഗിള്‍ സര്‍ച്ചില്‍ ഏറ്റവും തിരഞ്ഞ വാക്കുകളുടെ നീണ്ട പട്ടിക തന്നെയുണ്ട്.
ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായ ‘വേര്‍ഡില്‍’ എന്ന വാക്കാണ് ആണ് 2022ല്‍ ആഗോളതലത്തില്‍ ഗൂഗിള്‍ സര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത്. വാക്കുകളുമായി ബന്ധപ്പെട്ട ഒരു ഓണ്‍ലൈന്‍ കളിയാണ് വേര്‍ഡില്‍. അതിന് ശേഷം ഇന്ത്യ VS ഇംഗ്ലണ്ട്, യുക്രൈന്‍, എലിസബത്ത് രാജ്ഞി എന്നീ വാക്കുകളും ഏറ്റവുമധികം തിരച്ചില്‍ വന്ന വാക്കുകളായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രൂക്‌ലിന്‍കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജോഷ് വാര്‍ഡിലാണ് വേര്‍ഡില്‍ ഗെയിം ഡിസൈന്‍ ചെയ്തത്. വേര്‍ഡ് ഗെയിമുകള്‍ ഏറെ ഇഷ്ടപ്പെടുന്ന, പങ്കാളിയായ പാലക് ഷായ്ക്കും തനിക്കും കളിക്കാനാണ് വാര്‍ഡില്‍ തന്റെ പേരിനെ അല്‍പ്പമൊന്ന് വളച്ചൊടിച്ച് വേര്‍ഡില്‍ ഗെയിം ആവിഷ്‌കരിച്ചതെങ്കിലും അത് പിന്നീട് ലോകമൊന്നാകെ ഏറ്റെടുത്തു. അഞ്ച് അക്ഷരങ്ങള്‍ ഉള്ള വാക്കുകള്‍ ഊഹിച്ചെടുക്കുന്ന വളരെ ലളിതമായ കളിയാണത്. 2021 ഒക്ടോബറിലാണ് ഈ ഗെയിം ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ടത്.
ഇന്ത്യക്കാര്‍ ക്രിക്കറ്റും ഫുട്‌ബോളും ഏറ്റവുമധികം തിരഞ്ഞ വര്‍ഷമാണ് 2022 എന്നും ഗൂഗിള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവ കൂടാതെ, സിനിമ, സ്‌പോട്‌സ്, ലോകമെമ്പാടുമുള്ള തമാശകള്‍, ആഗോള- പ്രാദേശിക വാര്‍ത്തകള്‍, ടെക്-ഫിനാന്‍സ് രംഗങ്ങളിലെ പുതിയ കാര്യങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയെ കുറിച്ചും ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞു.
Discussion about this post