തവാങ്: അരുണാചൽ പ്രദേശിലെ തവാങ് അതിർത്തിയിൽ ഇന്ത്യൻ മേഖല പിടിച്ചടക്കാൻ ചൈനീസ് പട്ടാളം ശ്രമിച്ചതായി റിപ്പോർട്ട്. മഞ്ഞുകാലത്തിന്റെ മറവിൽ 300 ഓളം ചൈനീസ് പട്ടാളക്കാർ യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് ഇരച്ചുകയറുകയായിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി ചെറുത്തുനിന്നുവെന്നും ഈ പ്രതിരോധം മറികടക്കാനാകാതെ ചൈനീസ് പട്ടാളം പിൻവാങ്ങുകയായിരുന്നുവെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഡിസംബർ ഒൻപതിനാണ് സംഭവം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. ബലപ്രയോഗത്തിൽ ഇരുഭാഗത്തെയും ഏതാനും സൈനികർക്ക് നിസാര പരിക്ക് പറ്റിയതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമി സേനാംഗങ്ങൾ യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് അതിക്രമിച്ച് കടന്നതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. ഇരുഭാഗവും പെട്ടന്ന് പിൻമാറിയതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാകുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ ആറ് ഇന്ത്യൻ സൈനികരെ ഗുവാഹത്തിയിലേക്ക് ചികിത്സയ്ക്കായി എത്തിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാർത്തയെന്നും ഏജൻസി വ്യക്തമാക്കുന്നു.
സംഭവത്തെ തുടർന്ന് നടപടിക്രമം അനുസരിച്ച് മേഖലയിലെ ഇന്ത്യൻ കമാൻഡർ ബന്ധപ്പെട്ട ചൈനീസ് സൈനിക ഉദ്യോഗസ്ഥനുമായി ഫ്‌ലാഗ് മീറ്റിങ് നടത്തി വിഷയം ചർച്ച ചെയ്തതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബറിലും സമാനമായ നീക്കം മേഖലയിൽ ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. തവാങ് അതിർത്തിയിലെ ചില പ്രദേശങ്ങൾ മഞ്ഞുമൂടിക്കിടക്കുന്നതിനാൽ പെട്ടന്ന് കാഴ്ച പരിധിയിൽ പെടാത്ത മേഖലകളാണ്. ഇരുഭാഗത്തെയും സൈന്യം അവർക്ക് നിർദ്ദേശിച്ചിരിക്കുന്ന മേഖലകളിൽ പട്രോളിങ് നടത്തി മടങ്ങുകയാണ് പതിവ്.
Discussion about this post