ഹെയ്‌ലാകണ്ഡി(അസം); അസമിൽ ആയിരത്തിലധികം ബ്രൂ (റിയാങ്) തീവ്രവാദികൾ ആയുധം ഉപേക്ഷിച്ചു. അസമിലെ ഹെയ്‌ലാകണ്ഡി ജില്ലയിലെ കട്‌ലിചെറയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇവർ അക്രമം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്കുളള കടന്നുവരവ് പരസ്യമായി പ്രഖ്യാപിച്ചത്. ഗോത്ര വർഗ തീവ്രവാദികളെ അക്രമത്തിന്റെ പാത ഉപേക്ഷിപ്പിക്കാൻ അസം സ്വീകരിക്കുന്ന നടപടികളിലെ വലിയ വിജയമാണ് ഈ നീക്കം.
യുണൈറ്റഡ് ഡെമോക്രാറ്റിക് ലിബറേഷൻ ഫ്രണ്ട് ഓഫ് ബരാക് വാലി (യുഡിഎൽഎഫ്ബികെ) ബ്രൂ റെവല്യൂഷണറി ആർമി യൂണിയൻ എന്നീ സംഘടനകളിൽ ഉൾപ്പെട്ടവരാണ് കീഴടങ്ങിയത്. നിലവിൽ ഈ രണ്ട് സംഘടനകളും സർക്കാരുമായി വെടിനിർത്തൽ കരാറിലായിരുന്നു.
അസമിലെ സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് മന്ത്രി പിജൂഷ് ഹസാരികയുടെ സാന്നിധ്യത്തിലായിരുന്നു ഇവർ ആയുധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും മാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രവും സംസ്ഥാനവും നടത്തുന്ന വിശ്രമമില്ലാത്ത പരിശ്രമാണ് സമാധാനത്തിലേക്കുളള പുതിയ കാലത്തിന് വഴിയൊരുക്കിയതെന്ന് പിജൂഷ് ഹസാരിക പറഞ്ഞു.
നിയമസഭാ സ്പീക്കർ ബിശ്വജിത് ഡെയ്മരിയും ചടങ്ങിൽ പങ്കെടുത്തു. യുണൈറ്റഡ് ഡെമോക്രാറ്റിക് ലിബറേഷൻ ഫ്രണ്ട് ഓഫ് ബരാക് വാലിയിലെ 545 തീവ്രവാദികളും ബ്രൂ റെവല്യൂഷണറി ആർമി യൂണിയനിലെ 634 പേരുമാണ് കീഴടങ്ങിയതെന്ന് പോലീസ് അറിയിച്ചു.
അസം മിസോറം അതിർത്തികളിൽ സജീവമായിരുന്ന തീവ്രവാദ സംഘടനകളാണ് ഇത്. തട്ടിക്കൊണ്ടുപോകലും കവർച്ചയും ദേശവിരുദ്ധ പ്രവർത്തനങ്ങളും ഉൾപ്പെടെയുളള പ്രവൃത്തികളിലൂടെ കുപ്രസിദ്ധമായിരുന്നു ഇരു സംഘടനകളും. രണ്ട് ഗ്രൂപ്പുകളിൽ നിന്നുമായി 1,179 പേരാണ് അക്രമം ഉപേക്ഷിച്ച് ആയുധം വെച്ച് കീഴടങ്ങിയത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഗോത്ര വിഭാഗമാണ് റിയാങ്. വർഷങ്ങളായുളള ഭരണകൂടങ്ങളുടെ അവഗണനയാണ് ഇവരെ അക്രമത്തിന്റെ പാതയിലേക്ക് തളളിവിട്ടത്.
Discussion about this post