ന്യൂഡെല്‍ഹി: ഡിസംബര്‍ ഒമ്പതിന് നടന്ന ഇന്ത്യ-ചൈന സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. എന്നാല്‍ കോണ്‍ഗ്രസ് മറ്റെന്തോ കാര്യത്തിനാണ് ബഹളമുണ്ടാക്കുന്നതെന്നും ചോദ്യോത്തര വേളയില്‍ ചര്‍ച്ച ചെയ്യേണ്ട ചോദ്യങ്ങളുടെ പട്ടിക കണ്ടപ്പോള്‍ കോണ്‍ഗ്രസ് ബഹളമുണ്ടാക്കുന്നതിന്റെ കാരണം മനസിലായെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌നടപടികള്‍ നിര്‍ത്തിവെച്ച് പാര്‍ലമെന്റ് തത്കാലത്തേക്ക് പിരിഞ്ഞു.
ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ പ്രതിരോധമന്ത്രി പ്രസ്താവന നടത്തുമെന്ന് അറിയിച്ചിട്ടും ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് ചോദ്യോത്തരവേള തടസ്സപ്പെടുത്തുകയായിരുന്നു. ചോദ്യോത്തര വേളയില്‍ ചര്‍ച്ച ചെയ്യേണ്ട ചോദ്യങ്ങളുടെ പട്ടികയിലെ ചോദ്യം നമ്പര്‍ അഞ്ച് കണ്ടപ്പോള്‍ കോണ്‍ഗ്രസിന്റെ ആധിക്ക് കാരണമെന്താണെന്ന് എനിക്ക് മനസിലായി. ഒരു കോണ്‍ഗ്രസ് അംഗമായിരുന്നു അത് ചോദിച്ചത്. ഞങ്ങള്‍ ഉത്തരം പറയാന്‍ തയ്യാറായിരുന്നു. പക്ഷേ അവര്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തി, അമിത് ഷാ പറഞ്ഞു.
അരുണാചല്‍ അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചോദ്യത്തിന്, നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം, നമ്മുടെ ഭൂമിയുടെ ഒരിഞ്ച് പോലും ആരും കൊണ്ടുപോകില്ലെന്ന് ഞാന്‍ വ്യക്തമായി പറയുകയാണെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു.
ഇന്ത്യ-ചൈന സംഘര്‍ഷം പ്രതിരോധമന്ത്രിയുടെ പ്രസ്താവനയില്‍ ഒതുക്കരുതെന്നും സഭയില്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സഭയില്‍ ബഹളം വെച്ചത്. വിഷയത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രസ്താവന നടത്തിയതിന് ശേഷം പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
സംഘര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ പോലും മരിക്കുകയോ ആര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രസ്താവനയില്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. സഭാ നിയമങ്ങളും പാരമ്പര്യവും ചൂണ്ടിക്കാട്ടി സ്പീക്കര്‍ വിഷയത്തില്‍ ചര്‍ച്ച അനുവദിച്ചില്ല.
Discussion about this post