ന്യൂഡെല്‍ഹി: ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ സ്മാര്‍ട്ട്‌ഫോണിന്റെ പങ്ക് ചെറുതല്ല, എന്നാല്‍ ഏറ്റവും ഇഴയടുപ്പമുള്ള ദാമ്പത്യ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന വില്ലനായാലോ? പഠനം ശരിവെക്കുന്നുണ്ടിത്. ഇന്ത്യയിലെ 88% ദാമ്പത്യ തകര്‍ച്ചയ്ക്ക് പിന്നിലും പ്രധാന വില്ലന്‍ സ്മാര്‍ട്ട്‌ഫോണ്‍ തന്നെയെന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനം പറയുന്നു.
‘സ്മാര്‍ട്ട്‌ഫോണുകളും മനുഷ്യ ബന്ധങ്ങളില്‍ അവയുടെ സ്വാധീനവും’ എന്ന വിഷയം ആസ്പദമാക്കി നടന്ന പഠനത്തില്‍ 67 ശതമാനം ആളുകളും തങ്ങളുടെ പങ്കാളി ഒപ്പമുള്ള സമയത്തും ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പങ്കാളികളുടെ സാമിപ്യം 70 ശതമാനം പേരും ആഗ്രഹിക്കുന്നില്ല. മാത്രമല്ല ഫോണ്‍ ഉപയോഗം തടസപ്പെടുത്തുന്നതില്‍ പങ്കാളികളോട് പ്രകോപിതരാകുന്നുമുണ്ട്. സ്മാര്‍ട്ട്‌ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ ദാമ്പത്യ ബന്ധം ദുര്‍ബലമാകുന്നതായി 66 ശതമാനം ആളുകളും സമ്മതിക്കുന്നു.
വീട്ടിലുളളവരുമായി സംസാരിക്കാനും മറ്റും ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്ന് 90 ശതമാനം ആഗ്രഹിക്കുമ്പോഴും അത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുളളതായി അവര്‍ തന്നെ സമ്മതിക്കുന്നു. ഭാര്യയും ഭര്‍ത്താവും ഒരു ദിവസം ശരാശരി 4.7 മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കുന്നതായും പഠനം വ്യക്തമാക്കുന്നു.
Discussion about this post