വാഷിംഗ്ടണ്‍: രണ്ട് ദിവസമായി അണുസംയോജനം അഥവാ ന്യൂക്ലിയര്‍ ഫ്യൂഷനുമായി ബന്ധപ്പെട്ട ഒരു കണ്ടെത്തലിന്റെ വാര്‍ത്ത ലോകമൊന്നാകെ ചര്‍ച്ച ചെയ്യുകയാണ്. ഇത് ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന ഒരു കണ്ടെത്തലാണെന്നും ലോകത്തിനും ഭൂമിക്കും പ്രധാനമായി പരിസ്ഥിതിക്കും ഏറെ ഉപകാരപ്രദമാകുമെന്നും വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യത്തില്‍ എന്താണ് ആ പരീക്ഷണമെന്നും പുതിയ കണ്ടെത്തല്‍ എന്താണെന്നും പരിശോധിക്കാം.
ചൊവ്വാഴ്ചയാണ് അമേരിക്കന്‍ ഗവേഷകര്‍ ചരിത്രപരമായ ന്യൂക്ലിയര്‍ ഫ്യൂഷന്‍ അഥവ അണുസംയോജന പരീക്ഷണഫലം പുറത്തുവിടുന്നത്. പരിധികളില്ലാത്ത, ക്ലീന്‍ എനര്‍ജി അഥവാ ശുദ്ധോര്‍ജ്ജത്തെ അന്വേഷിച്ചുള്ള മാനവരാശിയുടെ യാത്രയില്‍ നാഴികകല്ലാകുന്ന ഒരു നേട്ടമെന്നാണ് ഏവരും ആ കണ്ടെത്തലിനെ വിശേഷിപ്പിച്ചത്. ഫോസില്‍ ഇന്ധനങ്ങളിലുള്ള ആശ്രിതത്വം അവസാനിപ്പിക്കാന്‍ ഈ കണ്ടെത്തലിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ലേസര്‍ ഉപയോഗിച്ചാണ് ചരിത്രത്തില്‍ ആദ്യമായി സൂര്യനില്‍ നടക്കുന്നത് പോലെയുള്ള ഒരു അണുസംയോജന പ്രക്രിയയ്ക്ക് കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറി തുടക്കമിട്ടത്. പരീക്ഷണത്തില്‍ പ്രതീക്ഷിച്ചതിലും അധികം ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു. ശാസ്ത്രജ്ഞരുടെ ദശാബ്ദങ്ങളായുള്ള പരിശ്രമമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.
സംശുദ്ധവും സുരക്ഷിതവും പരിധികളില്ലാത്തതുമായ ഊര്‍ജ്ജ സ്രോതസ്സെന്ന നിലയിലാണ് അണുസംയോജനം അഥവാ ന്യൂക്ലിയര്‍ ഫ്യൂഷന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്. ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളായ കല്‍ക്കരി, ക്രൂഡ്, പ്രകൃതിവാതകം, മറ്റ് ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയിലുള്ള ആശ്രിതത്വം ക്രമേണ ഇല്ലാതാക്കാന്‍ അണുസംയോജനം വഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജോപയോഗത്തിലൂടെ മാനവരാശിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സുപ്രധാന ശാസ്ത്ര കണ്ടുപിടിത്തമെന്നാണ് അമേരിക്കന്‍ ഊര്‍ജ്ജവകുപ്പ് ഈ നേട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ദേശീയ പ്രതിരോധ രംഗത്തും ശുദ്ധോര്‍ജ്ജ ഭാവിയിലും ഈ കണ്ടെത്തല്‍ നിര്‍ണായകമാകുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.
Discussion about this post