ന്യൂഡെല്‍ഹി: ചൈനയില്‍ നിന്നുള്ള യുദ്ധഭീഷണി ഇന്ത്യ കണ്ടില്ലെന്ന് നടിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശനത്തിന് മറുപടി നല്‍കി ബിജെപി. രാഹുല്‍ഗാന്ധി ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവീര്യം കെടുത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി വക്താവ് രാജ്യവര്‍ദ്ധന്‍ സിംഗ് റത്തോഡ് ആരോപിച്ചു. ചൈനയുമായി അടുപ്പമുണ്ടാകണമെന്നാണ് രാഹുല്‍ഗാന്ധിക്ക് തോന്നുന്നതെന്നും എന്താണ് ചൈന ചെയ്യുകയെന്ന് അറിയുന്ന തരത്തില്‍ ഇപ്പോള്‍ രാഹുല്‍ഗാന്ധിക്ക് ചൈനയുമായി വളരെ അടുപ്പം ഉണ്ടായിരിക്കുന്നുവെന്നും റത്തോഡ് ആരോപിച്ചു.
ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമങ്ങളുമായി സംസാരിച്ചപ്പോഴാണ് രാഹുല്‍ഗാന്ധി ചൈന വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നത്. ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ആ ഭീഷണി അവഗണിച്ച് ഉറങ്ങിക്കൊണ്ടിരിക്കുകയാണെന്നുമാണ് രാഹുല്‍ഗാന്ധി ആരോപിച്ചത്.
എന്നാല്‍ ഇത് രാഹുല്‍ഗാന്ധിയുടെ മുത്തച്ഛനായ നെഹ്‌റുവിന്റെ ഇന്ത്യയല്ലെന്ന് രാജ്യവര്‍ദ്ധന്‍ സിംഗ് റത്തോഡ് തിരിച്ചടിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി ഇന്ത്യയുടെ സുരക്ഷയെ പറ്റിയും അതിര്‍ത്തി മേഖലകളെ കുറിച്ചും പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് രാജ്യത്ത് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണെന്നും റത്തോഡ് ആരോപിച്ചു. നെഹ്‌റു ഭരിച്ചിരുന്ന കാലത്ത് സര്‍ക്കാര്‍ ഉറങ്ങുമ്പോള്‍ 37.242 ചതുരശ്ര കിലോമീറ്റര് ഭൂമിയാണ് നമുക്ക് നഷ്ടമായതെന്നും 1962ലെ ഇന്ത്യ-ചൈന യുദ്ധം ഓര്‍മ്മിപ്പിച്ച് റത്തോഡ് പറഞ്ഞു.
പുനഃരവതാരത്തിനുള്ള ശ്രമത്തിനിടയ്ക്ക് ദേശസുരക്ഷയെ കുറിച്ച് നിരുത്തരവാദിത്തപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും റത്തോഡ് രാഹുല്‍ഗാന്ധിയെ ഓര്‍മ്മിപ്പിച്ചു. മുതുമുത്തച്ഛന്റെ കാലത്ത് ഭൂമി നഷ്ടപ്പെട്ടതിനാല്‍ ചൈനയുമായി അടുപ്പമുണ്ടാകണമെന്നാണ് ഇപ്പോള്‍ രാഹുല്‍ഗാന്ധി വിചാരിക്കുന്നതെന്നും അടുത്തകാലത്തായി അവര്‍ ഇനി എന്തുചെയ്യുമെന്ന് അറിയുന്ന തരത്തില്‍ ചൈനയുമായി രാഹുല്‍ഗാന്ധി അടുപ്പമുണ്ടാക്കിയെന്നും റത്തോഡ് പറഞ്ഞു.
Discussion about this post