ബെംഗളൂരു: വീര സവര്‍ക്കരുടെ ഫോട്ടോ നിയമസഭയ്ക്കുള്ളില്‍ വെച്ചതിന് കര്‍ണ്ണാടകയില്‍ പ്രതിപക്ഷ പ്രതിഷേധം. വീര സവര്‍ക്കറെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുള്ള സംസ്ഥാനതല പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബിജെപി സര്‍ക്കാര്‍ നിയമസഭ മന്ദിരത്തിനുള്ളില്‍ സവര്‍ക്കരുടെ ഫോട്ടോ സ്ഥാപിച്ചത്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.
അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണ്ണാടകയില്‍ ഇതിനോടകം സവര്‍ക്കരെ ചൊല്ലി നിരവധി വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. മുമ്പ് വിജ.പുരയിലെ കോണ്‍ഗ്രസ് ഓഫീസില്‍ സവര്‍ക്കരുടെ കണ്ടതും സ്വാതന്ത്ര്യദിന സംഘര്‍ഷത്തിന് കാരണമായ ഷിവമോഗയിലെ സവര്‍ക്കര്‍ ഫോട്ടോ വിവാദവുമെല്ലാം കോണ്‍ഗ്രസ്-ബിജെപി പോരിന് കാരണമായിരുന്നു.
ഹിന്ദുത്വ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട സവര്‍ക്കര്‍ക്കും കര്‍ണ്ണാടകയുമായി ഒരു ചെറിയ ബന്ധമുണ്ട്. നിലവില്‍ കര്‍ണ്ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കുമിടയിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പ്രഭവകേന്ദ്രമായ ബെലഗവിയില്‍ മുമ്പ് സവര്‍ക്കര്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1950ല്‍ നാലുമാസത്തോളമാണ് സവര്‍ക്കറെ ബെലഗവിയിലെ ഹിന്ദല്‍ഗ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. മുംബൈയില്‍ നിന്നും പുറപ്പെടുവിച്ച അറസ്റ്റ് വാറന്റില്‍ ബെലഗവിയില്‍ വെച്ചാണ് അന്ന് സവര്‍ക്കറെ അറസ്റ്റ് ചെയ്തത്.
മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ ഡെല്‍ഹി സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു ആ അറസ്റ്റ്. പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് സവര്‍ക്കരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. എന്നാല്‍ ഇതിനെതിരെ സവര്‍ക്കരുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജയില്‍ മോചിതനാക്കി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് അന്ന് അദ്ദേഹത്തിന് മുംബൈ ഹൈക്കോടതി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതായും വന്നു.
കര്‍ണ്ണാടകയിലെ ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ അവസാന ശീതകാല സമ്മേളന വേദി കൂടിയാണ് ബെലഗവി. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ശീതകാല സമ്മേളനത്തില്‍ ബെലഗവി അതിര്‍ത്തി പ്രശ്‌നം തന്നെ ആയിരിക്കും പ്രധാന ചര്‍ച്ചാ വിഷയം.
Discussion about this post