ന്യൂഡെല്‍ഹി: ബിജെപിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ ബിജെപി പ്രതിഷേധം. വിവാദ പരാമര്‍ശം നടത്തിയ ഖാര്‍ഗെ മാപ്പ് പറയണമെന്ന് ഭരണപക്ഷമായ ബിജെപി ആവശ്യപ്പെട്ടു. നിങ്ങളുടെ നായയെങ്കിലും രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ചിട്ടുണ്ടോ എന്ന പരാമര്‍ശമാണ് വിവാദമായത്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, ഭാരത് തോഡോ (ഭാരതത്തെ പൊട്ടിക്കുക) യാത്രയാണെന്ന ബിജെപിയുടെ പരാമര്‍മാണ് ഖാര്‍ഗെയെ പ്രകോപിതനാക്കിയത്. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസ് നേതാക്കളായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയവര്‍ ആണെന്നും ഖാര്‍ഗെ അവകാശപ്പെട്ടു. തുടര്‍ന്നാണ് നിങ്ങളുടെ നായയെങ്കിലും രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയിട്ടുണ്ടോ എന്ന വിവാദ പരാമര്‍ശം ഖാര്‍ഗെ ബിജെപിക്ക് നേരെ തൊടുത്ത് വിട്ടത്. എന്നിട്ടും അവര്‍ (ബിജെപി) രാജ്യസ്‌നേഹികളാണെന്ന് അവകാശപ്പെടുകയാണെന്നും എന്തെങ്കിലും പറഞ്ഞാല്‍ തങ്ങളെ രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെയും ഖാര്‍ഗെ വിമര്‍ശിച്ചു. പുറത്ത് സിംഹത്തെ പോലെ സംസാരിക്കുന്ന അവരുടെ (ബിജെപി സര്‍ക്കാര്‍) പ്രവര്‍ത്തി എലിയെ പോലെയാണെന്നാണ് ഖാര്‍ഗെ പരിഹസിച്ചത്.
ഇന്ന് പാര്‍ലമെന്റ് സമ്മേളിച്ച ഉടന്‍ തന്നെ ബിജെപി ഈ വിഷയം ഉയര്‍ത്തി ഖാര്‍ഗെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. നുണ പറഞ്ഞ് പരത്താന്‍ വളരെ മോശം രീതിയില്‍ വാക്കുകള്‍ ഉപയോഗിക്കുന്ന ഖാര്‍ഗെയുടെ നടപടി അപലപനീയമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഖോയല്‍ പറഞ്ഞു. ആല്‍വാറില്‍ മോശം ഭാഷ ഉപയോഗിച്ചതിന് ഖാര്‍ഗെ മാപ്പ് പറയണമെന്നും ഖോയല്‍ രാജ്യസഭയില്‍ പറഞ്ഞു.
ഇതിനിടെ രാജ്യത്തെ 135 കോടി ജനത തങ്ങളെ നോക്കിക്കൊണ്ടിരിക്കുകയാണെന്നും കുട്ടികളല്ലെന്ന് ഓര്‍മ്മ വേണമെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ ബിജെപിയുടെ മാപ്പ് ആവശ്യം തള്ളിക്കളഞ്ഞ ഖാര്‍ഗെ താന്‍ മുമ്പ് പറഞ്ഞത് ഒരിക്കല്‍ കൂടി ഇവിടെ പറഞ്ഞാല്‍ അത് അവര്‍ക്ക് (ബിജെപി) ബുദ്ധിമുട്ടാകുമെന്നും കാരണം സ്വാതന്ത്ര്യസമര കാലത്ത് മാപ്പ് പറഞ്ഞവരാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോട് മാപ്പ് പറയാന്‍ പറയുന്നതെന്നും പറഞ്ഞ് തന്റെ പ്രസ്താവന വിശദീകരിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് ഭാരതത്തെ തകര്‍ക്കാന്‍ യാത്ര നടത്തുന്നുവെന്നാണ് അവര്‍ പറഞ്ഞതെന്നും എന്നാല്‍ എല്ലായിപ്പോഴും ഭാരതത്തെ ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും അതിനുവേണ്ടി ജീവന്‍ കളഞ്ഞ നേതാക്കളാണ് തങ്ങളുടേതെന്നും പറഞ്ഞു. നിങ്ങളെന്താണ് ചെയ്തതെന്നും രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിച്ച ആരെയാണ് നിങ്ങള്‍ക്ക് അറിയുകയെന്നും ഖാര്‍ഗെ ചോദിച്ചു.
എന്നാല്‍ ഖാര്‍ഗെയ്ക്ക് മറുപടി നല്‍കിയ പീയൂഷ് ഗോയല്‍ അവര്‍ (കോണ്‍ഗ്രസ്) നിങ്ങളുടെ ചരിത്രം മറുന്നുപോയെന്നാണ് തോന്നുന്നതെന്നും ജമ്മുകശ്മീരില്‍ കോണ്‍ഗ്രസ് മൂലം ഉണ്ടായതെന്താണെന്നും പാക്കിസ്ഥാന്റെ ഭീഷണിയും ചൈനയുടെ കയ്യേറ്റവും അബേദ്കറിനെയും സര്‍ദാര്‍ വല്ലഭായി പട്ടേലിനെയും അവഹേളിച്ചതുമെല്ലാം അവര്‍ മറന്നുപോയെന്നും ഗോയല്‍ പരിഹസിച്ചു.
Discussion about this post