കാബൂൾ; അഫ്ഗാനിൽ പെൺകുട്ടികളുടെ സർവ്വകലാശാല വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തി താലിബാൻ. രാജ്യത്ത് പെൺകുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന സർവ്വകലാശാലകൾ അടച്ചുപൂട്ടാനും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവിൽ നിർദ്ദേശിക്കുന്നു. അധികാരമേറ്റെടുത്തപ്പോൾ നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് താലിബാൻ ഭരണകൂടത്തിന്റെ നടപടി.
ക്യാബിനറ്റ് തീരുമാനപ്രകാരമാണ് നിർദ്ദേശമെന്ന് ഉത്തരവിൽ പറയുന്നു. ഇനിയൊരു നിർദ്ദേശം ഉണ്ടാകുന്നത് വരെ ഈ സ്ഥിതി തുടരുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നത്. പെൺകുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്ന് തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
മൂന്ന് മാസങ്ങൾക്ക് മുൻപ് നടന്ന യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ നിരവധി പെൺകുട്ടികൾ എഴുതിയിരുന്നു. പുതിയ നീക്കത്തോടെ ഇവരുടെ വിദ്യാഭ്യാസ ഭാവി അനിശ്ചിതത്വത്തിലായി. നിലവിൽ വിദ്യാഭ്യാസം തുടർന്നു വന്നിരുന്നവരുടെ കാര്യത്തിലും വ്യക്തതയില്ല.
പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം മാത്രം മതിയെന്ന നിലപാടിലാണ് താലിബാൻ. പെൺകുട്ടികൾക്ക് സ്‌കൂളുകളിൽ വിദ്യാഭ്യാസം അനുവദിക്കാൻ വൈകിയതിനെതിരെ അഫ്ഗാനിലെങ്ങും ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. ഇതിനൊടുവിലാണ് വിദ്യാഭ്യാസം തുടരാൻ ഇവരെ അനുവദിച്ചത്. ഭരണം പിടിച്ചതിന് ശേഷം പെൺകുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറികളും പ്രവേശന കവാടങ്ങളും സർവ്വകലാശാലകളിൽ ഏർപ്പെടുത്തിയിരുന്നു. വനിതാ അദ്ധ്യാപകരോ പ്രായമായ പുരുഷ അദ്ധ്യാപകരോ മാത്രം പെൺകുട്ടികളെ പഠിപ്പിച്ചാൽ മതിയെന്നും നിർദ്ദേശിച്ചിരുന്നു.
താലിബാൻ ഭരണകൂടത്തിന്റെ നടപടിയെ വിമർശിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തി. നീക്കത്തെ ശക്തമായി അപലപിക്കുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ പറഞ്ഞു. ലോകത്ത് മറ്റൊരു രാജ്യവും ഇതുപോലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കിയിട്ടില്ലെന്നും ബ്ലിങ്കൺ ചൂണ്ടിക്കാട്ടി. യുഎന്നിലും വിഷയം യുഎസ് ഉന്നയിച്ചിട്ടുണ്ട്.
Discussion about this post