ന്യൂഡൽഹി: ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ തുടങ്ങി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളുടെ ജനിതക പരിശോധന നടത്താൻ കേന്ദ്രം നിർദ്ദേശിച്ചു.
ചൈനയിൽ നിന്നുളള വകഭേദം ഇന്ത്യയിൽ എത്തുന്നത് തടയുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചതായി കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വൈറസിന്റെ പുതിയ വകഭേദത്തെ ട്രാക്ക് ചെയ്യുകയും തുടക്കത്തിൽ തന്നെ മാറ്റിനിർത്തുകയുമാണ് പരിശോധന സജീവമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ചൈനയിലെ വൈറസ് വ്യാപനത്തെക്കുറിച്ച് വിലയിരുത്താൻ ആരോഗ്യമന്ത്രാലയം പ്രത്യേക അവലോകന യോഗവും ചേർന്നു. ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ ഉൾപ്പെടെ നിരവധി പേർ കോവിഡ് ബാധിച്ച് മരിച്ചതായിട്ടാണ് റിപ്പോർട്ട്. 48 മണിക്കൂറിൽ ഏഴ് മരണമാണ് ചൈന ഔദ്യോഗികമായി പുറത്തുവിടുന്നതെങ്കിലും നൂറുകണക്കിനാളുകൾ മരിച്ചതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ആശുപത്രികൾ കോവിഡ് രോഗികളെക്കൊണ്ട് നിറയുകയാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഇന്ത്യയിൽ കോവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രതിവാരം 1200 കേസുകൾ എന്ന നിലയിൽ മാത്രമാണ് രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആഗോള തലത്തിലും രോഗവ്യാപനം നിയന്ത്രണ വിധേയമായ ഘട്ടത്തിലാണ് ചൈനയിൽ വീണ്ടും വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post