കഞ്ഞിക്കുഴി; പ്രവർത്തനം തുടങ്ങി അധികമായിട്ടില്ലെങ്കിലും അപൂർവ്വനേട്ടത്തിന്റെ നിറവിൽ ഇടുക്കി മെഡിക്കൽ കോളജ്. 104 വയസുളള കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്ക് ഇവിടുത്തെ ഡോക്ടർമാർ വിജയകരമായി തിമിര ശസ്ത്രക്രിയ നടത്തി. ഈ പ്രായത്തിൽ അപൂർവമായാണ് തിമിര ശസ്ത്രക്രിയ വിജയിക്കുന്നത്. ശസ്ത്രക്രിയ വിജയിപ്പിച്ച ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ആരോഗ്യമന്ത്രി വീണ ജോർജ്ജ് അഭിനന്ദിച്ചു.
രണ്ട് കണ്ണിനും കാഴ്ച കുറഞ്ഞതോടെയാണ് ദേവകിയമ്മ ഇടുക്കി മെഡിക്കൽ കോളേജിലെത്തിയത്. പരിശോധനയിൽ ഇടത് കണ്ണിന് തീവ്രമായി തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടതായി കണ്ടെത്തി. പ്രായം കൂടുതലായതിനാൽ തിമിര ശസ്ത്രക്രിയയുടെ സാധ്യതകൾ പരിശോധിച്ചു. മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്തതിനാൽ ഡോക്ടർമാർ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച ഇടത് കണ്ണിൽ ശസ്ത്രക്രിയ നടത്തി ലെൻസ് ഇട്ടു. ഞായറാഴ്ചയാണ് ഇതിനായി ഇവർ ആശുപത്രിയിൽ അഡ്മിറ്റായത്. സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. പ്രായം പരിഗണിഗണിച്ച് എല്ലാവിധ മുൻകരുതലുകളുമെടുത്താണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർമാർ പറഞ്ഞു. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ദേവകിയമ്മയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് വിട്ടയയ്ക്കുകയും ചെയ്തു.
ഒഫ്ത്താൽമോളജി വിഭാഗം മേധാവി ഡോ. വി. സുധ, അസി. പ്രൊഫസർ ഡോ. ശബരീഷ്, സ്റ്റാഫ് നഴ്സ് രമ്യ എന്നിവരാണ് സർജറിയ്ക്ക് നേതൃത്വം നൽകിയത്. അടുത്തിടെയാണ് ഇടുക്കി മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചത്. ഒഫ്ത്താൽമോളജി വിഭാഗത്തിൽ ആഴ്ചയിൽ ശരാശരി 15 തിമിര ശസ്ത്രക്രിയകളോളം നടത്തി വരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Discussion about this post