വാഷിംഗ്ടണ്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ അമേരിക്ക അനുവദിച്ച സഹായധനം ദാനമല്ലെന്നും ആഗോള സുരക്ഷയ്ക്കും ജനാധിപത്യത്തിനും വേണ്ടി നടത്തിയ നിക്ഷേപമാണെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി അമേരിക്കന്‍ കോണ്‍ഗ്രസില്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ യുക്രൈനില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് സെലന്‍സ്‌കി രാജ്യം വിട്ട് പോകുന്നത്.
തുടര്‍ന്നും അമേരിക്കയിലെ ഇരുകക്ഷികളും യുക്രൈനെ പിന്തുണയ്ക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സെലന്‍സ്‌കി പ്രതീക്ഷ പ്രകടിപ്പിച്ചു. യുക്രൈനില്‍ യുദ്ധം തുടങ്ങിയതിന് ശേഷം(300 ദിവസം) സ്ഥിരമായി അണിയുന്ന കാക്കി വസ്ത്രം ധരിച്ചാണ് സെലന്‍സ്‌കി അമേരിക്കന്‍ പ്രതിനിധി സഭയിലെത്തിയത്. വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സെലന്‍സ്‌കി അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിച്ചത്. യുക്രൈന് വലിയ രീതിയിലുള്ള സഹായം തുടരുന്നതില്‍ സംശയം പ്രകടിപ്പിച്ച റിപ്പബ്ലിക്കന്മാരെ അനുനയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി സെലന്‍സ്‌കിയുടെ പ്രസംഗത്തിനുണ്ടായിരുന്നു.
സെലന്‍സ്‌കി സഭയ്ക്കുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ മൂന്ന് അംഗങ്ങള്‍ യുക്രൈനിന്റെ പതാക ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.അമേരിക്കന്‍ കോണ്‍ഗ്രസില്‍ വരാന്‍ കഴിഞ്ഞതും പ്രതിനിധികളോടും അമേരിക്കക്കാരോടും സംസാരിക്കാന്‍ കഴിഞ്ഞതും വലിയ ബഹുമതിയായി കാണുന്നുവെന്ന് സെലന്‍സ്‌കി പറഞ്ഞു. എല്ലാ മോശം സാഹചര്യങ്ങള്‍ക്കിടയിലും യുക്രൈന്‍ വീണുപോയില്ലെന്നും ജീവനോടെ തിരിച്ചടിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.
Discussion about this post