പത്തനംതിട്ട: മദ്യലഹരിയിൽ നടുറോഡിൽ നഗ്‌നനൃത്തം ചെയ്യുന്ന ഡിവൈഎഫ്ഐ നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്. തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലെത്തിയത്. സംഘടനയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രാദേശിക തലത്തിൽ നേതൃത്വം നൽകുന്ന വ്യക്തികൂടിയാണ് ഷിനിൽ.
ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം കൂടിയാണ് ഷിനിൽ. സംഭവം വിവാദമായതോടെ നേതാക്കൾ പുറത്തറിയാതെ ഷിനിലിനെ വിളിച്ച് താക്കീത് ചെയ്തിരുന്നു. എന്നാൽ സംഘടനയ്ക്കുളളിലെ പ്രശ്‌നങ്ങളാണ് ഇപ്പോൾ വീഡിയോ ദൃശ്യങ്ങൾ ചോർന്ന് പുറത്ത് എത്താൻ കാരണം. സുഹൃത്തുക്കൾക്കൊപ്പം ഷിനിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ.
നാല് മാസം മുൻപ് നടന്ന സംഭവമാണെന്നും മൂന്ന് വർഷം മുൻപ് നടന്നതാണെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീഡിയോ പുറത്ത് വന്നതോടെ ഡിവൈഎഫ്‌ഐ നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഷിനിലിനെതിരെ ഇനി കടുത്ത നടപടി വരുമെന്നാണ് പ്രാദേശിക നേതാക്കൾ നൽകുന്ന വിവരം.
ലഹരിവിരുദ്ധ ക്യാമ്പെയ്‌നിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ച ഡിവൈഎഫ്‌ഐ നേതാക്കളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബാറിനുളളിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനും നേമം ഏരിയ പ്രസിഡന്റ് ആഷിഖിനുമെതിരെ സംഘടന കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ നാണക്കേട് മാറും മുൻപാണ് നേതാവിന്റെ നഗ്നനൃത്തവീഡിയോയും പുറത്തുവരുന്നത്.
ലഹരി കേസുകളിൽ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കൾ നിരന്തരം ഉൾപ്പെടുന്നതിൽ പാർട്ടിക്കുളളിൽ വ്യാപകമായ ആശങ്കയുണ്ട്. പ്രത്യക്ഷമായി ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ലഹരിവിരുദ്ധ ക്യാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളെന്നതും നേതൃത്വത്തിന് തലവേദനയായി മാറിക്കഴിഞ്ഞു.












