മുംബൈ: കോലിളക്കം സൃഷ്ടിച്ച ശ്രദ്ധ വാക്കര്‍ കേസിന് ശേഷം രാജ്യത്ത് ഉടലെടുത്ത സാഹചര്യത്തില്‍ അസ്വസ്ഥനായിരുന്നുവെന്നും അതെത്തുടര്‍ന്നാണ് തുനീഷയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്നും ടിവി താരം തുനീഷ ശര്‍മ്മയുടെ ആത്മഹത്യയില്‍ കുറ്റാരോപിതനായ കാമുകന്‍ ഷസീന്‍ ഖാന്‍.
കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഷസീന്‍ മഹാരാഷ്ട്ര പോലീസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ശ്രദ്ധ വാക്കര്‍ കേസിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കണ്ടാണ് തുനീഷയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും വ്യത്യസ്ത മതവിഭാഗങ്ങളും പ്രായവ്യത്യാസവും തങ്ങളുടെ ബന്ധത്തില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് തുനീഷയോട് പറഞ്ഞിരുന്നതായും ഷസീന്‍ പോലീസിനോട് പറഞ്ഞു.
ശ്രദ്ധ വാക്കര്‍ കേസ് ലവ് ജിഹാദ് എന്ന രീതിയില്‍ രാജ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതക്കേസാണ്. ശ്രദ്ധ വാക്കറിനെ കാമുകനായ അഫ്താബ് പൂനവാല കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ ലഭിക്കാതിരിക്കാന്‍ മൃതശരീരം വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
താനുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം തുനീഷ ശര്‍മ്മ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ഷസീന്‍ ഖാന്‍ പോലീസിനോട് പറഞ്ഞു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. താനാണ് അന്ന് തുനീഷയെ രക്ഷിച്ചതെന്നും കരുതല്‍ വേണമെന്ന് തുനീഷയുടെ അമ്മയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഷസീന്‍ പോലീസിനോട് പറഞ്ഞു.
അതേസമയം സഹപ്രവര്‍ത്തകനായ ഷസീന്‍ തന്റെ മകളെ വഞ്ചിക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്ന് തുനീഷയുടെ അമ്മ ആരോപിച്ചു. തുനീഷയുടെ അമ്മയുടെ പരാതിയില്‍ ഇന്നലെയാണ് പോലീസ് ആത്മഹത്യ പ്രേരണാക്കുറ്റത്തിന് ഷസീനെ അറസ്റ്റ് ചെയ്തത്.
Discussion about this post