മൊറാദാബാദ്; രാമായണവുമായി ‘ഭാരത് ജോഡോ യാത്ര’യെ ബന്ധിപ്പിച്ചുകൊണ്ട് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്. ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയെ ഭഗവാൻ ശ്രീരാമനോടാണ് സൽമാൻ ഖുർഷിദ് ഉപമിച്ചത്.
രാഹുൽ ഗാന്ധി അതിമാനുഷികനാണ്,ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർ തണുത്തുറഞ്ഞ് ജാക്കറ്റ് ധരിക്കുന്നു, രാഹുൽ ഗാന്ധി ടീ ഷർട്ട് മാത്രമാണ് ഉപയോഗിക്കുന്നത്. ഒരു യോഗിയെ പോലെയാണ് രാഹുൽ തന്റെ തപസ്യ ശ്രദ്ധയോടെ ചെയ്യുന്നത്, അദ്ദേഹം ഒരു അമാനുഷികനാണെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.
‘ഭഗവാന്റെ ‘’ഖഡൗ’ അദ്ദേഹത്തോടൊപ്പം വളരെ ദൂരെ സഞ്ചരിക്കാറുണ്ട്. ചിലപ്പോൾ ശ്രീരാമന് എത്തിച്ചേരാൻ കഴിയാതെ വരുമ്പോൾ, ഭാരത് ‘ഖഡൗവുമായി ഓരോ സ്ഥലങ്ങളിലേക്കും പോകുന്നത്. അതുപോലെയാണ് ഞങ്ങൾ ഉത്തർപ്രദേശിൽ ഖഡൌവുമായി എത്തിയത്, ഇനി രാമനും (രാഹുൽ ഗാന്ധി) വരും.’ മാദ്ധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സൽമാൻ ഖുർഷിദ് പറഞ്ഞു.
സൽമാൻ ഖുർഷിദിൻ്റെ പ്രസ്താവന ഹിന്ദുത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപിയുടെ ഷെഹ്‌സാദ് പൂനവല്ല ആരോപിച്ചു. സൽമാൻ ഖുർഷിദ് രാഹുൽ ഗാന്ധിയെ ഭഗവാൻ ശ്രീരാമനോട് സമമാക്കി!! ഇതുപോലെ ആരെയെങ്കിലും മറ്റ് മതങ്ങളുടെ ദൈവവുമായി താരതമ്യം ചെയ്യാൻ ധൈര്യപ്പെടുമോ?- പൂനവല്ല ചോദിച്ചു.
‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തെഴുതിയിരുന്നു. ഇതു സംബന്ധിച്ച് ചോദിച്ചപ്പോൾ, കോവിഡിൽ കോൺഗ്രസിന് പ്രത്യേക മാർഗ്ഗനിർദ്ദേശം ഉണ്ടാകില്ലെന്നും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമ്പോഴെല്ലാം പാർട്ടി അത് പാലിക്കുമെന്നും ഖുർഷിദ് പറഞ്ഞു.
“ഏതെങ്കിലും ശാസ്ത്രീയ പ്രോട്ടോക്കോൾ ഈ രാജ്യത്തിന് ബാധകമാണെങ്കിൽ, അത് ഞങ്ങൾക്കും ബാധകമായിരിക്കും. ആരെങ്കിലും പ്രോട്ടോക്കോൾ പിന്തുടരുകയാണെങ്കിൽ, ഞങ്ങളും പിന്തുടരും. എന്നാൽ ഇന്ന് പ്രോട്ടോക്കോൾ ഒന്നുമില്ല,” കോൺഗ്രസ് നേതാവ് പറഞ്ഞു.










