ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി നിരവധി അവസരങ്ങളില്‍ സുരക്ഷ പ്രോട്ടോക്കോള്‍ ലംഘിച്ചതായി കേന്ദ്ര പാരാമിലിട്ടറി സേനയായ സിആര്‍പിഎഫ്. ഡിസംബര്‍ 24ന് ഡെല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായി എന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് സിആര്‍പിഎഫിന്റെ പ്രസ്താവന.
രാജ്യതലസ്ഥാനത്ത് രാഹുല്‍ഗാന്ധിയുടെ പദയാത്ര എത്തിയപ്പോള്‍ സുരക്ഷ ഒരുക്കുന്നതില്‍ ഡെല്‍ഹി പോലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചതിന് തൊട്ടുപിന്നാലെയാണ് പിഴവ് സംഭവിച്ചത് രാഹുല്‍ഗാന്ധിക്കാണെന്ന് സിആര്‍പിഎഫ് വ്യക്തമാക്കിയിരിക്കുന്നത്. ഭാരത് ജോഡോ യാത്ര പഞ്ചാബ്, ജമ്മു കശ്മീര്‍ തുടങ്ങി പ്രശ്‌നസാധ്യത സംസ്ഥാനങ്ങളില്‍ പ്രവേശിക്കുന്ന ഘട്ടത്തില്‍ രാഹുല്‍ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും കെ സി വേണുഗോപാല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
Discussion about this post