ന്യൂഡൽഹി: കടൽവഴി ഇന്ത്യയിലേക്കുളള മയക്കുമരുന്ന് കടത്ത് തടയാൻ തീരസംരക്ഷണ സേന അത്യാധുനീക ഡ്രോണുകൾ വാങ്ങുന്നു. തദ്ദേശീയമായി നിർമിച്ച 10 മൾട്ടികോപ്ടർ ഡ്രോണുകൾ വാങ്ങാനുളള കരാറിൽ തീരസംരക്ഷണ സേന ഒപ്പുവെച്ചു. രാത്രിയും പകലും പട്രോളിങ് കപ്പലുകളിൽ നിന്ന് പറത്താൻ കഴിയുന്ന
ഡ്രോണുകളാണ് ഇവ.
വെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിങ്ങും സാദ്ധ്യമായ ഡ്രോണുകൾ തീരസംരക്ഷണ സേനയുടെ ഓപ്പറേഷനിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ആദ്യ ഘട്ടത്തിൽ 10 ഡ്രോണുകൾ സ്വന്തമാക്കിയതിന് പിന്നാലെ 2025 ഓടെ ഇത്തരത്തിൽ 100 ഡ്രോണുകൾ വാങ്ങാനാണ് സേനയുടെ നീക്കം.
തീരസുരക്ഷയിലും മയക്കുമരുന്ന് കടത്തും സമുദ്രതീരം വഴിയുളള കളളക്കടത്തും തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വിഭാഗമാണ് തീരസംരക്ഷണസേന. കഴിഞ്ഞ 18 മാസങ്ങൾക്കുള്ളിൽ ഗുജറാത്തിലെ ആന്റി ടെററിസം സ്‌ക്വാഡുമായി ചേർന്ന് ഏഴ് പ്രധാന ഓപ്പറേഷനുകളാണ് തീരസംരക്ഷണ സേന നടത്തിയത്. 1900 കോടിയിൽ പരം വിലയുളള 350 കിലോ ഹെറോയിൻ ഇതിൽ പിടിച്ചെടുക്കുകയും ചെയ്തു. 44 പാകിസ്താൻ പൗരൻമാരും ഏഴ് ഇറാൻ പൗരൻമാരും ഈ ഓപ്പറേഷനുകളിൽ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസവും അൽ സൊഹേലി എന്ന പാകിസ്താൻ ബോട്ട് ഗുജറാത്തിൽ ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കവേ തീരസംരക്ഷണ സേനയുടെ പിടിയിലായിരുന്നു. 300 കോടിയിലധികം വിലയുളള 40 കിലോ മയക്കുമരുന്നാണ് ബോട്ടിൽ നിന്ന് പിടികൂടിയത്.
സമുദ്രാതിർത്തി വഴിയുളള മയക്കുമരുന്ന് കടത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അത്യാധുനീക ഡ്രോണുകളുടെ സഹായത്തോടെ ഇതിന് തടയിടാനുളള നീക്കം കേന്ദ്രസർക്കാരും തീരസംരക്ഷണ സേനയും സജീവമാക്കിയിരിക്കുന്നത്.
Discussion about this post