റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയെ സൗദി ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ നസര്‍ എഫ്‌സി സ്വന്തമാക്കി. പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ (ഏകദേശം 1775 കോടി രൂപ) പ്രതിഫലം നല്‍കി രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പ് വെച്ചിരിക്കുന്നത്.
അല്‍ നസറിന്റെ ഔദ്യോഗിക ഫുട്‌ബോള്‍ പേജിലൂടെ റൊണാള്‍ഡോയുടെ ചിത്രമടക്കമുള്ള ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. ‘ചരിത്രം പിറക്കുന്നു’ എന്നു വിശേഷിപ്പിച്ചിരിക്കുന്ന ട്വീറ്റില്‍, ഈ ഒപ്പുവെക്കല്‍ തങ്ങളുടെ ക്ലബ്ബിന് മാത്രമല്ല മറിച്ച് ലീഗിനും രാജ്യത്തിനും ഭാവിതലമുറയിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിജയത്തിലേക്ക് എത്താനുള്ള മികച്ച പ്രചോദനമാണിതെന്നും സൂചിപ്പിക്കുന്നു. ട്വീറ്റിനൊപ്പം ക്ലബ്ബിന്റെ ഏഴാം നമ്പര്‍ ജഴ്‌സി കൈയില്‍ പിടിച്ചു നില്‍ക്കുന്ന റൊണാള്‍ഡോയുടെ ചിത്രവും കാണാം.
ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന കരാര്‍ 2025 ല്‍ അവസാനിക്കും. അടുത്തിടെ ഖത്തറില്‍ നടന്ന ലോകകപ്പ് മല്‍സരത്തിനിടെയാണ് താരം പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ഏതെങ്കിലും ക്ലബ്ബിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും റെക്കോര്‍ഡ് തുക നല്‍കി അല്‍ നസര്‍ റൊണാള്‍ഡോയെ സ്വന്തമാക്കുകയായിരുന്നു. മറ്റൊരു സൗദി ക്ലബ്ബ് ഏകദേശം 3000 കോടി രൂപ താരത്തിന് ഓഫര്‍ ചെയ്തതായും അടുത്തിടെ വാര്‍ത്ത പുറത്തു വന്നിരുന്നു.
Discussion about this post