കൊച്ചി : പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ സിനിമ ഗുരുവായൂരമ്പല നടയിൽ അനൗൺസ് ചെയ്തു. ചിത്രത്തിന്റെ പോസ്റ്റർ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്തു വിട്ടത്. 2023 ചിരിയുടെ വർഷമാകട്ടെ എന്ന് ആശംസിച്ചുകൊണ്ടായിരുന്നു പോസ്റ്റർ പ്രകാശനം.
കഥ കേട്ട കാര്യം ഓർക്കുമ്പോൾ തന്നെ ചിരി വരുന്ന തരത്തിലുള്ള ചിത്രമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പൃഥ്വി രാജ് സൂചിപ്പിക്കുന്നു. ബേസിൽ ജോസഫും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജയജയജയഹേയുടെ സംവിദായകൻ വിപിൻ ദാസാണ് ഗുരുവായൂരമ്പല നടയിൽ സിനിമയുടെ സംവിധായകൻ. കുഞ്ഞിരാമായണം സിനിമയുടെ രചന നിർവ്വഹിച്ച ദീപു പ്രദീപാണ് സിനിമയുടെ രചയിതാവ്. ഇഫോർ എന്റർടെയിന്മെന്റിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
നന്ദനത്തിന്റെ രണ്ടാം ഭാഗമാണോ എന്ന ചോദ്യവുമായി നിരവധി പേർ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റിടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.












