മോസ്‌കോ: റഷ്യൻ അതിർത്തിയിൽ താത്കാലിക വെടിനിർത്തലിന് ഉത്തരവിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് റഷ്യ യുക്രെയ്‌നിൽ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. റഷ്യയിലെ ഓർത്തഡോക്സ് നേതാവ് പാട്രിയാർക്ക് കിറിലിന്റെ അഭ്യർത്ഥനയെ തുടർന്നാണ് പ്രഖ്യാപനം. ഇരു രാജ്യങ്ങളുടേയും അതിർത്തി മേഖലകളിൽ ധാരാളം ഓർത്തഡോക്‌സ് വിഭാഗക്കാർ താമസിക്കുന്നതിനാൽ യുക്രെയ്ൻ സൈന്യവും അതിർത്തിയിലെ വെടിനിർത്തലിന് തയ്യാറാകണമെന്ന് പുടിൻ ആവശ്യപ്പെട്ടു. ക്രിസ്മസ് ദിവസം പള്ളിയിൽ പോകാനും പ്രാർത്ഥിക്കാനും വിശ്വാസികൾക്ക് അവസരമൊരുക്കണമെന്നും പുടിന്റെ പ്രസ്താവനയിൽ പറയുന്നു.
ആറാം തിയതി പ്രാദേശികസമയം 12 മണി മുതൽ ഏഴാം തിയതി അർദ്ധരാത്രി വരെ 36 മണിക്കൂറാണ് വെടിനിർത്തൽ. പുരാതന ജൂലിയൻ കലണ്ടർ ഉപയോഗിക്കുന്ന റഷ്യൻ ഓർത്തഡോക്‌സ് വിഭാഗക്കാർ ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. യുക്രെയ്‌നിലെ രെു വിഭാഗം ക്രിസ്ത്യാനികളും ഇതേ ദിവസം തന്നെയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാൽ കിറിലിന്റേയും പുടിന്റേയും ആഹ്വാനം ഒരു കെണിയാണെന്നാണ് യുക്രെയ്ൻ പ്രസിഡൻഷ്യൽ അഡൈ്വസർ മിഖൈലോ പൊഡോൽയക് പറയുന്നത്.
ഡിസംബർ 25ന് മുൻപ് റഷ്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വെളോഡിമിർ സെലൻസ്‌കി ആവശ്യപ്പെട്ടിട്ടും റഷ്യ അത് നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്‌നെതിരായ റഷ്യൻ ആക്രമണത്തെ എല്ലാ രീതിയിലും ന്യായീകരിക്കുന്ന വ്യക്തിയാണ് കിറിൽ. അതുകൊണ്ട് തന്നെ വെടിനിർത്തൽ പ്രഖ്യാപനം ഒരു ചതി ആണെന്നാണ് യുക്രെയ്‌ന്റെ വാദം. അതേസമയം അതിർത്തി മേഖലകളിൽ യുക്രെയ്‌നും ഇപ്പോൾ കനത്ത തിരിച്ചടിയാണ് നടത്തുന്നത്. പുതുവർഷത്തിൽ യുക്രെയ്‌ന് നടത്തിയ മിസൈൽ ആക്രമണത്തിൽ 89ഓളം റഷ്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.
Discussion about this post